കോയന്പത്തൂർ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ സൗത്ത് സോണിന് എതിരേ വെസ്റ്റ് സോണിന്റെ ഓപ്പണർ യശസ്വി ജയ്സ്വാളിന് ഇരട്ടസെഞ്ചുറി. രണ്ടാം ഇന്നിംഗ്സിൽ 244 പന്ത് നേരിട്ട ജയ്സ്വാൾ 209 റണ്‍സുമായി പുറത്താകാതെ നിൽക്കുന്നു. മൂന്ന് സിക്സും 23 ഫോറും അടങ്ങിയതാണ് 20കാരനായ ജയ്സ്വാളിന്റെ ഇന്നിംഗ്സ്. നോർത്ത് സോണിന് എതിരായ ക്വാർട്ടർ ഫൈനലിൽ ജയ്സ്വാൾ ഇരട്ടസെഞ്ചുറി (228) നേടിയിരുന്നു.
മൂന്നാംദിനം അവസാനിക്കുന്പോൾ വെസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 376 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് സോണ്‍ 270നു പുറത്തായിരുന്നു. ജയ്സ്വാളിന് ഒന്നാം ഇന്നിംഗ്സിൽ ഒരു റണ്‍ മാത്രം നേടാനേ സാധിച്ചുള്ളൂ. സൗത്ത് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 327ൽ ആണ് അവസാനിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിലാണ് സൗത്ത് സോണ്‍ മൂന്നാംദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റ് സോണിനായി ശ്രേയസ് അയ്യർ (71) അർധസെഞ്ചുറി നേടി. എന്നാൽ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (15) രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിൽ രഹാനെ എട്ട് റണ്‍സിനു പുറത്തായിരുന്നു.
ഡബിളടിച്ച് ജയ്സ്വാൾ
12:49 AM Sep 24, 2022 | Deepika.com