കോൽക്കത്ത: 2022-23 സീസണ് ഇന്ത്യൻ ക്ലബ് ഫുട്ബോളിനു കിക്കോഫ്. സീസണിന്റെ ആദ്യപോരാട്ടമായ ഡ്യൂറന്റ് കപ്പ് തുടങ്ങി.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യനായ എഫ്സി ഗോവയെ മുഹമ്മദൻസ് തകർത്തു. കഴിഞ്ഞ ഫൈനലിൽ ഗോവയോട് പരാജയപ്പെട്ടതിന്റെ കണക്ക് തീർത്ത് 3-1ന് ആയിരുന്നു മുഹമ്മദൻസിന്റെ ജയം.
ഒരു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു മുഹമ്മദൻസിന്റെ തിരിച്ചുവരവ് ജയം. 34-ാം മിനിറ്റിൽ നെമിലിലൂടെ ഗോവ ലീഡ് നേടി. ഒരു ഗോളിന്റെ കടവുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ മുഹമ്മദൻസിനായി പ്രിതം 49-ാം മിനിറ്റിൽ ഗോൾ മടക്കി. ഫസ്ലു (84’), മാർകസ് (90+3’) എന്നിവരും മുഹമ്മദൻസിനായി ഗോൾവല കുലുക്കിയതോടെ ഗോവയുടെ പതനം പൂർണം.
2022 ഡ്യൂറന്റ് കപ്പിൽ 11 ഐഎസ്എൽ ടീമുകളും ആറ് ഐ ലീഗ് ക്ലബ്ബുകളും നാല് സൈനിക സംഘങ്ങളും ഉൾപ്പെടെ ആകെ 20 ടീമുകളാണുള്ളത്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്. 131-ാം എഡിഷൻ ഡ്യൂറന്റ് കപ്പ് പോരാട്ടത്തിനാണ് കിക്കോഫ് നടന്നിരിക്കുന്നത്.
മുഹമ്മദൻ മിന്നിച്ചു
12:50 AM Aug 17, 2022 | Deepika.com