പാരീസ്: അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസി ഇല്ലാതെ ബാലൻ ദിയോർ 30 അംഗ അന്തിമ പട്ടിക പുറത്ത്.
2005നുശേഷം ആദ്യമായാണ് ബാലൻ ദിയോർ സാധ്യതാ പട്ടികയിൽ മെസി ഉൾപ്പെടാതിരിക്കുന്നത്. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനായുള്ള 30 അംഗ ചുരുക്കപ്പട്ടികയിലാണ് മെസിക്ക് ഇടം ലഭിക്കാതിരുന്നത്. 2021ൽ മെസിക്ക് ആയിരുന്നു ബാലൻ ദിയോർ പുരസ്കാരം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കായാണ് മെസി നിലവിൽ പന്ത് തട്ടുന്നത്.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തിളങ്ങിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏഴ് ബാലണ്‍ ദിയോർ നേട്ടവുമായി ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മെസി. 2009, 2010, 2011, 2012, 2015, 2019, 2020 വർഷങ്ങളിലായിരുന്നു മെസിയുടെ ബാലൻ ദിയോർ പുരസ്കാര നേട്ടം. റൊണാൾഡോ അഞ്ച് തവണ (2008, 2013, 2014, 2016, 2017) ബാലൻ ദിയോർ സ്വന്തമാക്കിയിട്ടുണ്ട്.
തിബൊ കോർട്വ, റാഫേൽ ലിയോ, ക്രിസ്റ്റഫർ എൻകുങ്കു, മുഹമ്മദ് സല, യോഷ്വ കിമിഹ്, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, വിനീഷ്യസ് ജൂണിയർ, ബെർണാഡോ സിൽവ, ലൂയിസ് ഡയസ്, റോബർട്ട് ലെവൻഡോവ്സ്കി, റിയാദ് മെഹ്റെസ്, കാസെമിറോ, സണ്‍ ഹ്യൂങ് മിൻ, ഹാരി കെയ്ൻ, ഡാർവിൻ ന്യൂനസ്, ഫിൽ ഫോഡൻ, സാദിയൊ മാനെ, സെബാസ്റ്റ്യൻ ഹാലർ, ലൂക്കാ മോഡ്രിച്ച്, അന്റോണിയോ റൂഡിഗർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, കെവിൻ ഡി ബ്രൂയിൻ, ഡ്യുസൻ വ്ളാഹോവിച്ച്, വിർജിൽ വാൻ ഡിക്ക്, ജാവോ കാൻസലോ, കൈലിയൻ എംബാപ്പെ, എർലിംഗ് ഹാലണ്ട് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.
ഒക്ടോബർ 17ന് ആണ് 2022 ബാലൻ ദിയോർ വിജയിയെ പ്രഖ്യാപിക്കുക.
ബാലൻ ദിയോറിൽ ലയണൽ മെസി ഇല്ല
12:18 AM Aug 14, 2022 | Deepika.com