ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ വനിതാ വിസ്മയമായ അമേരിക്കയുടെ സെറീന വില്യംസ് വിരമിക്കുന്നു. 2022 യുഎസ് ഓപ്പണിനുശേഷം ടെന്നീസ് കോർട്ടിനോട് വിടപറയുമെന്ന് സെറീന വില്യംസ് അറിയിച്ചു.
40കാരിയായ സെറീന കരിയറിൽ 73 സിംഗിൾസ് കിരീടവും 23 കരിയർ ഡബിൾസും സ്വന്തമാക്കിയിട്ടുണ്ട്. 23 ഗ്രാൻസ്ലാം സിംഗിൾസ് കിരീടത്തിനും ഉടമയാണ് സെറീന വില്യംസ്. ഏറ്റവും കൂടുതൽ ഗ്രാൻസ് ലാം കിരീടം എന്ന ചരിത്ര നേട്ടത്തിന് ഒരു കിരീടത്തിന്റെ മാത്രം അകലംവെച്ചാണ് സെറീന ടെന്നീസ് കോർട്ടിൽനിന്ന് കളംവിടുന്നത്.
24 ഗ്രാൻസ്ലാം സ്വന്തമാക്കിയ ഓസ്ട്രേലിയൻ ഇതിഹാസം മാർഗരറ്റ് കോർട്ടിന്റെ പേരിലാണ് ഈ റിക്കാർഡ്. 1999 മുതൽ 2017വരെയായി ഏഴ് ഓസ്ട്രേലിയൻ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിൾഡണ്‍, ആറ് യുഎസ് ഓപ്പണ്‍ എന്നിങ്ങനെ 23 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ സെറീന വില്യംസ് സ്വന്തമാക്കി.
2017ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കിയശേഷം പിന്നീട് ഒരു ഗ്രാൻസ്ലാം നേടാൻ സെറീനയ്ക്ക് സാധിച്ചില്ല. 2018, 2019 വിംബിൾഡണ്‍, 2018, 2019 യുഎസ് ഓപ്പണ്‍ എന്നിങ്ങനെ നാല് ഫൈനലുകളിൽ പ്രവേശിച്ചെങ്കിലും 24-ാം ഗ്രാൻസ്ലാം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ ടെന്നീസ് റാണിക്കു സാധിച്ചില്ലെന്നതും ശ്രദ്ധേയം. 2022 വിംബിൾഡണിൽ വൈൽഡ് കാർഡിലൂടെ എത്തി മത്സരിച്ചെങ്കിലും ആദ്യ റൗണ്ടിൽതന്നെ പുറത്തായിരുന്നു. ഇതോടെയായിരിക്കാം വിരമിക്കൽ എന്ന തീരുമാനത്തിലേക്ക് സെറീന അടുത്തത്.
ഗ്രാൻസ്ലാം വനിതാ ഡബിൾസിൽ 14 കിരീടവും മിക്സഡ് ഡബിൾസിൽ രണ്ട് ചാന്പ്യൻഷിപ്പും സെറീനയുടെ അക്കൗണ്ടിലുണ്ട്.
സെറീന ടെന്നീസ് കോർട്ടിനോട് വിടപറയുന്നു
12:10 AM Aug 10, 2022 | Deepika.com