കോമണ്‍വെൽത്ത് അത്ലറ്റിക്സിലൂടെ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയ നാലാമത് മെഡൽ ആയിരുന്നു പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ സ്വന്തമാക്കിയ വെള്ളി.
സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് തിരുത്തിയായിരുന്നു അവിനാഷ് വെള്ളിയിൽ ചുംബിച്ചതെന്നതും ശ്രദ്ധേയം. ഇത് ഒന്‍പതാം തവണയാണ് ഈ മഹാരാഷ്ട്ര സ്വദേശി സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് തിരുത്തുന്നത്.
8:11.20 സെക്കൻഡിലാണ് ബെർമിംഗ്ഹാമിൽ അവിനാഷ് സാബ്ലെ മത്സരം പൂർത്തിയാക്കിയത്. കോമണ്‍വെൽത്ത് ചരിത്രത്തിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലൂടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യമെഡലാണിതെന്നതും മറ്റൊരു പ്രത്യേകത.
കോമണ്‍വെൽത്ത് ഗെയിംസിൽ 1994നുശേഷം ആദ്യ മൂന്ന് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന കെനിയക്കാരൻ അല്ലാത്ത ആദ്യ താരം എന്ന ചരിത്രവും അവിനാഷ് സാബ്ലെ സ്വന്തമാക്കി.
1998 മുതൽ 2018 വരെയുള്ള കോമണ്‍വെൽത്ത് ഗെയിംസുകളിൽ കെനിയൻ താരങ്ങൾക്കായിരുന്നു മൂന്ന് മെഡലുകളും. ബെർമിംഗ്ഹാമിൽ കെനിയയുടെ ഏബ്രാഹം കിബിവൂട്ടും അമോസ് സെറെമും യഥാക്രമം സ്വർണവും വെങ്കലവും സ്വന്തമാക്കി.
മൂവായിരം മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെക്ക് വെള്ളി
12:08 AM Aug 07, 2022 | Deepika.com