സോബിച്ചൻ തറപ്പേൽ
അടുത്ത വർഷം നടക്കുന്ന ലോക ചെസ് ചാന്പ്യൻ പട്ടപ്പോരാട്ടത്തിൽ നോർവെയുടെ മാഗ്നസ് കാൾസനെ റഷ്യയുടെ ഇയാൻ നെപോംനിഷി നേരിടും. മാഡ്രിഡിലെ സാന്റോണാപാലസിൽ നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ നെപോംനിഷി ജേതാവായതോടെയാണിത്.
കാൻഡിഡേറ്റ്സ് മത്സരത്തിനു യോഗ്യത നേടിയ എട്ടു പേർ പരസ്പരം രണ്ടു തവണവീതം ഏറ്റുമുട്ടിയ മത്സരത്തിന്റെ 14-ാം റൗണ്ട് ശേഷിക്കേ അഞ്ചു ജയവും എട്ടു സമനിലയുമായി ഒന്പത് പോയിന്റോടെ നെപോംനിഷി കിരീടം ചൂടി. 2021ൽ നടന്ന ലോക കിരീടപോരാട്ടത്തിൽ നെപോംനിഷിയെ ഏകപക്ഷീയമായി കീഴടക്കി കാൾസൻ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു.
കാൾസനു ഫിറൂസയെ മതി
ഫ്രാൻസിന്റെ 19കാരനായ അലിറേസ ഫിറൂസയുമായല്ലാതെ മറ്റാരുമായും ലോക ചാന്പ്യൻപട്ടം നിലനിർത്താനായി മത്സരിക്കില്ലെന്ന് കാൾസൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ നെപോംനിഷി വീണ്ടും വിജയിച്ചതിനാൽ കാൾസൻ 2023 ലോകപോരാട്ടത്തിൽ മത്സരിക്കാൻ തയാറാകുമോയെന്നാണ് ചെസ് ലോകം ഉറ്റുനോക്കുന്നത്. ലോകപോരാട്ടത്തിനു കാൾസൻ മത്സരിക്കാതിരുന്നാൽ കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരനെയാണ് നെപോംനിഷിക്ക് നേരിടേണ്ടിവരിക.
കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ 14-ാം റൗണ്ടിൽ അമേരിക്കയുടെ ഹികാരു നകാമുറയും ചൈനയുടെ ഡിങ് ലിറാനും തമ്മിലുള്ള മത്സരവിജയിയാണ് രണ്ടാം സ്ഥാനത്തെത്തുക. മത്സരം സമനിലയായാൽ ഇപ്പോൾ അര പോയിന്റ് ലീഡുള്ള ഹികാരു നകാമുറ രണ്ടാം സ്ഥാനം നേടും.
അലിറേസ ഫിറൂസ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ അവസാനസ്ഥാനത്തായി എന്നതും ശ്രദ്ധേയമാണ്. കാൾസൻ 2009ൽ സ്ഥാപിച്ച 2800 എലോറേറ്റിംഗ് കടന്ന ഏറ്റം പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡ്, 2021ൽ മറികടന്ന് അലിറേസ ഫിറൂസ ലോക രണ്ടാം നന്പർ ആയിരുന്നു.
വീണ്ടും കാൾസൻ x നെപോംനിഷി
11:50 PM Jul 04, 2022 | Deepika.com