ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാന്പ്യൻ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ ജാനിക് സിന്നറെ നേരിടും.
പ്രീക്വാർട്ടറിൽ സെർബിയൻ താരം ജോക്കോവിച്ച് 6-2, 4-6, 6-1, 6-2ന് നെതർലൻഡ്സിന്റെ ടിം വാൻ റിഥോവനെ തോൽപ്പിച്ചു. വിംബിൾഡണിൽ ജോക്കോവിച്ചിന്റെ 13-ാമത്തെ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്. പുൽക്കോർട്ടിൽ സെർബിയൻ താരത്തിന്റെ തുടർച്ചയായ 25-ാം ജയവും. സിന്നർ നാലു സെറ്റ് നീണ്ട മത്സരത്തിൽ സ്പെയിനിന്റെ കാർലോസ് അൽകരാസിനെ പരാജയപ്പെടുത്തി, 6-1, 6-4, 6-7(8-10), 6-3.
ടൂർണമെന്റിലുള്ള ഏക ബ്രിട്ടൻ താരമായ കാമറൂണ്‍ നോറി ക്വാർട്ടറിലെത്തി. അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ നോറി യുഎസിന്റെ ടോമി പോളിനെ 6-4, 7-5, 6-4ന് തോൽപ്പിച്ചു. ഈ ജയത്തോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ക്വാർട്ടർ ഫൈനലിലെത്തുന്ന അഞ്ചാമത്തെ ബ്രിട്ടീഷ് കളിക്കാനായി നോറി. റോജർ ടെയ്ലർ, ഗ്രെഗ് റുസെഡസ്കി, ടിം ഹെൻമാൻ, ആൻഡി മുറെ എന്നിവരാണ് ഈ നേട്ടം മുന്‍പ് കൈവരിച്ചവർ. ക്വാർട്ടറിൽ ബെൽജിയൻതാരം ഗോഫിനാണ് നോറിയുടെ എതിരാളി.
ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിൻ 19-ാം സീഡ് താരം ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെ 2-6, 5-7, 7-6(7-3), 6-4, 7-6(10-6)ന് തോല്പിച്ചു. ഗാരിന്റെ ആദ്യ ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്.
വനിതാ സിംഗിൾസിൽ മൂന്നാം സീഡ് ടുണീഷ്യയുടെ ഓണ്‍സ് ജാബർ 7-6(11-9), 6-4ന് ബെൽജിയത്തിന്റെ എലീസ് മെർട്ടൻസിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി. കസാഖിസ്ഥാന്റെ എലീന റൈബാകിന 7-5, 6-3ന് ക്രൊയേഷ്യയുടെ പെട്ര മാർട്ടിച്ചിനെ തോൽപ്പിച്ചു.
ജോക്കോവിച്ച് x സിന്നർ
11:50 PM Jul 04, 2022 | Deepika.com