ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽനിന്ന് കളിക്കാരുടെ പുറത്തേക്കുള്ള ഒഴുക്ക് തുടരുന്നു.
ആരാധകരെ അദ്ഭുതപ്പെടുത്തി അപ്രതീക്ഷിതമായി ലെഫ്റ്റ് ബാക്ക് താരം സഞ്ജീവ് സ്റ്റാലിൻ ക്ലബ് വിട്ടു. 2022-23 ഇന്ത്യൻ ക്ലബ് ഫുട്ബോൾ സീസണിനു മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ ഇതുവരെ ഏഴു താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ട് പുറത്തു പോയി.
ഐഎസ്എൽ മുൻ ചാന്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയാണ് സഞ്ജീവിനെ സ്വന്തമാക്കിയത്. 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ സ്പാനിഷ് സ്ട്രൈക്കർ ആൽവാരൊ വാസ്ക്വെസ്, ബോസ്നിയൻ സെന്റർ ബാക്ക് ഏണെസ് സിപ്പോവിച്ച് , ഇന്ത്യൻ യുവ വിംഗർ വിൻസി ബാരെറ്റൊ, ഗോളി ആൽബിനൊ ഗോമസ്, മിഡ്ഫീൽഡർ സെത്യാസെൻ സിംഗ്, ഭൂട്ടാൻ ഫോർവേഡായ ചെഞ്ചോ എന്നിവർ ഇതിനോടകം ക്ലബ് വിട്ടു.
അപ്രതീക്ഷിതമായാണ് സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടത്. 2021ൽ മൂന്നുവർഷ കരാറിലാണ് സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. പരിക്കിനെത്തുടർന്നു കളത്തിൽ കാര്യമായി ഇറങ്ങാൻ സാധിക്കാതിരുന്ന 21കാരനായ സഞ്ജീവ്, ബ്ലാസ്റ്റേഴ്സിനായി ആകെ ഒന്പതു മത്സരങ്ങളിലേ ബൂട്ടണിഞ്ഞുള്ളൂ.
സുഭ ഘോഷ് റൗണ്ട്ഗ്ലാസിൽ
2021ൽ എടികെ മോഹൻ ബഗാനിൽനിന്ന് മൂന്നുവർഷ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തമാക്കിയ സുഭ ഘോഷിനെ ഐ ലീഗ് ക്ലബ്ബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് സ്വന്തമാക്കി. 2021-22 സീസണിൽ ഈസ്റ്റ് ബംഗാളിനായി ലോണ് വ്യവസ്ഥയിൽ കളിക്കുകയായിരുന്നു 21കാരനായ സുഭ ഘോഷ്.
വന്നത് രണ്ട് പേർ
2022-23 സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇതുവരെ രണ്ടു കളിക്കാരെ മാത്രമാണ് സ്വന്തമാക്കിയത്. ഐ ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിന്റെ ലെഫ്റ്റ് വിംഗറായിരുന്ന ബ്രൈസ് മിറാൻഡയും മിഡ്ഫീൽഡറായ സൗരവ് മണ്ഡലുമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
അർജന്റൈൻ സ്ട്രൈക്കറായ ഹൊർഹെ പെരേര ഡിയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ശക്തമായ സൂചനയുണ്ട്.
അതേസമയം, എടികെ മോഹൻ ബഗാൻ താരമായിരുന്ന റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിൽ എത്തില്ലെന്ന് ഉറപ്പിച്ചു. മലയാളി താരമായ വി.പി. സുഹൈറിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽനിന്ന് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം തുടരുകയാണ്.
പുറത്തേക്കൊഴുക്കു തുടരുന്നു...
11:50 PM Jul 04, 2022 | Deepika.com