സ്റ്റോക്ഹോം: ഇന്ത്യയുടെ ഒളിന്പിക് സ്വർണ മെഡൽ ജേതാവായ ജാവലിൻത്രോ താരം നീരജ് ചോപ്ര സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് തിരുത്തി. സ്റ്റോക്ഹോം ഡയമണ്ട് ലീഗിലായിരുന്നു ദേശീയ റിക്കാർഡ് തിരുത്തുന്ന പ്രകടനവുമായി നീരജ് ചോപ്ര തിളങ്ങിയത്.
89.94 മീറ്ററാണ് നീരജ് ജാവലിൻ പായിച്ചത്. ജൂണിൽ ഫിൻലൻഡിൽവച്ച് കുറിച്ച 89.30 മീറ്റർ എന്ന സ്വന്തം റിക്കാർഡ് നീരജ് തിരുത്തി. സ്റ്റോക്ഹോമിൽ നേരിയ വ്യത്യാസത്തിലാണ് 90 മീറ്റർ എന്ന മാജിക് സഖ്യയിൽ തൊടാൻ നീരജിനു സാധിക്കാതിരുന്നത്.
സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ വെള്ളി നേടാനും നീരജിനു സാധിച്ചു. ആദ്യ ശ്രമത്തിലാണ് ഇന്ത്യൻ സൂപ്പർ താരം 89.94 മീറ്റർ കണ്ടെത്തിയത്. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിൽ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിൽ നീരജ് ഫിനിഷ് ചെയ്യുന്നത് ഇതാദ്യമാണ്. ഗ്രനാഡയുടെ ലോക ചാന്പ്യൻ ആൻഡേഴ്സണ് പീറ്റേഴ്സിനാണ് സ്വർണം. 90.31 മീറ്ററുമായി പുതിയ മീറ്റ് റിക്കാർഡ് കുറിച്ചായിരുന്നു ആൻഡേഴ്സണ് പീറ്റേഴ്സണിന്റെ സ്വർണ നേട്ടം.
റിക്കാർഡ് തിരുത്തി നീരജ്
11:41 PM Jul 01, 2022 | Deepika.com