ഗാലെ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റിന്റെ ഏകപക്ഷീയ ജയം. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് വെറും ഒരു സെഷനിൽ അവസാനിച്ചു എന്നതും ശ്രദ്ധേയം. രണ്ട് ഇന്നിംഗ്സിലുമായി 81.5 ഓവർ മാത്രമാണ് ലങ്കയ്ക്ക് ബാറ്റ് ചെയ്യാൻ സാധിച്ചത്.
സ്കോർ: ശ്രീലങ്ക 59 ഓവറിൽ 212, 22.5 ഓവറിൽ 113. ഓസ്ട്രേലിയ 70.5 ഓവറിൽ 321, 0.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 10. ലങ്കയുടെ രണ്ടാം ഇന്നിംഗ്സിലെ 10 വിക്കറ്റും സ്പിന്നർമാരായ നഥാൻ ലിയോണ്‍ (4), മിച്ചൽ സ്വെപ്സണ് (2), ട്രാവിസ് ഹെഡ് (4) എന്നിവർ ചേർന്ന് പങ്കിട്ടു. 2.5 ഓവറിൽ 10 റണ്‍സ് വഴങ്ങിയായിരുന്നു ഹെഡിന്റെ സ്പെൽ.
റിക്കാർഡുകൾ പലത്
ശ്രീലങ്കയിൽ ഓസ്ട്രേലിയ രണ്ടാമത് ബാറ്റ് ചെയ്ത് നേടുന്ന ചരിത്രത്തിലെ ആദ്യ ജയമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയുടെ ഏറ്റവും ചുരുങ്ങിയ ഇന്നിംഗ്സ് ആണ് 22.5 ഓവറിൽ രണ്ടാം ഇന്നിംഗ്സിൽ പുറത്തായത്. 920 പന്തുകൾ മാത്രമേ ഗാലെ ടെസ്റ്റ് നീണ്ടുള്ളൂ. ശ്രീലങ്ക ആതിഥേയത്വം വഹിച്ച ടെസ്റ്റുകളിൽ ഏറ്റവും കുറവ് പന്തുകൾ എറിഞ്ഞ മത്സരവുമാണിത്.
അതിവേഗം കംഗാരു ജയം
11:41 PM Jul 01, 2022 | Deepika.com