ബാഴ്സലോണ: പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയെ സ്വന്തമാക്കാനുള്ള ശ്രമം തുടർന്ന് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ് ബാഴ്സലോണ. മൂന്നാം തവണയാണ് ബാഴ്സ ഓഫറുമായി ലെവൻഡോവ്സ്കിയുടെ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനെ സമീപിക്കുന്നത്.
330 കോടി രൂപയാണ് മൂന്നാം തവണത്തെ ഓഫറിൽ ബാഴ്സലോണ മുന്നോട്ടുവച്ചതെന്നും ബയേണ്‍ അതിനോട് പ്രതികരിച്ചില്ലെന്നുമാണ് റിപ്പോർട്ട്.
33കാരനായ ലെവൻഡോവ്സ്കിയും ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക്കുമായുള്ള കരാർ 2023ൽ അവസാനിക്കും. ബയേണിനൊപ്പമുള്ള കഥകൾക്ക് വിരാമമായെന്ന് ലെവൻഡോവ്സ്കി പറഞ്ഞിരുന്നു.
2022-23 സീസണിനു മുന്നോടിയായി ലെവൻഡോവ്സ്കിയെ സ്വന്തമാക്കാനുള്ള കഠിനശ്രമത്തിലാണ് ബാഴ്സലോണ. ലെവൻഡോവ്സ്കിയെ സ്വന്തമാക്കാൻ സാധിക്കുമെന്ന ബാഴ്സ മുഖ്യ പരിശീലകൻ ചാവി ഹെർണാണ്ടസ് മേയിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ബയേണിനായി 375 മത്സരങ്ങളിൽ 344 ഗോൾ നേടിയ ലെവൻഡോവ്സ്കി നിലവിൽ അവധി ആഘോഷിക്കാനായി സ്പെയിനിലാണ്. ചാവി ഹെർണാണ്ടസും ലെവൻഡോവ്സ്കിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ബുധനാഴ്ച പുറത്തുവന്നിരുന്നു.
ലെവനെ വിടാതെ ബാഴ്സ
12:41 AM Jul 01, 2022 | Deepika.com