ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ഇപ്പോഴത്തെ ഇംഗ്ലണ്ട് ആക്കുന്നതിൽ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കിയ ഓയിൻ മോർഗൻ രാജ്യാന്തര ക്രീസിൽനിന്നു പിൻവാങ്ങി. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ (ഏകദിനം, ട്വന്റി-20) ടീം നായകനായ ഓയിൻ മോർഗൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.
മോശം ഫോമും പരിക്കുമാണ് 35കാരനായ മോർഗന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു കാരണം. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരം, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്നീ റിക്കാർഡുകളുമായാണ് മോർഗൻ ക്രീസ് വിടുന്നത്.
കന്നിക്കിരീടം
ക്രിക്കറ്റിന്റെ തറവാടുകാരായ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് ഓയിൻ മോർഗൻ. 2019ൽ ഇംഗ്ലണ്ട് ഏകദിന ലോകകപ്പിൽ കന്നിക്കിരീടം നേടിയത് മോർഗന്റെ കീഴിലാണ്. നീണ്ടനാളത്തെ ആലോചനയ്ക്കുശേഷമാണു വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് മോർഗൻ പ്രസ്താവനയിൽ പറഞ്ഞു. വിരമിക്കൽ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മോർഗൻ വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഹണ്ട്രഡ് ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റിനായി മോർഗൻ കളി തുടരും.
തലവര മാറ്റിയ നായകൻ
2014 ഡിസംബറിൽ അലിസ്റ്റർ കുക്കിനെ പുറത്താക്കിയാണ് 2015ലെ ഏകദിന ലോകകപ്പിനുള്ള ടീമിന്റെ ക്യാപ്റ്റനായി മോർഗൻ നിയമിക്കപ്പെടുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെങ്കിലും പിന്നീട് മോർഗന് കീഴിൽ ഇംഗ്ലണ്ട് എതിരാളികൾ ഭയക്കുന്ന ടീമായി മാറി. 2012ൽ ഇംഗ്ലണ്ടിന്റെ ട്വന്റി-20 ടീം നായകനായിരുന്നു. 2010ൽ ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് നേടിയപ്പോൾ ടീമിൽ അംഗമായിരുന്ന ഓയിൻ മോർഗൻ 2019ൽ ഇംഗ്ലണ്ടിനെ ഏകദിനത്തിലും ലോകത്തിന്റെ നെറുകയിൽ എത്തിച്ചു.
2019ൽ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മോർഗൻ, 2016ലെ ട്വന്റി-20 ലോകകപ്പിൽ ടീമിനെ ഫൈനലിലെത്തിച്ചു. ഇംഗ്ലണ്ടിന്റെ 126 ഏകദിനങ്ങളിലും 72 ട്വന്റി-20 മത്സരങ്ങളിലും മോർഗൻ ക്യാപ്റ്റനായി.
അയർലൻഡിൽ തുടങ്ങി
ഐറിഷ് - ഇംഗ്ലീഷ് ദന്പതികളുടെ മകനായി ഡബ്ലിനിലായിരുന്നു മോർഗന്റെ ജനനം. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത് അയർലൻഡിനായി. 2006-2009 കാലഘട്ടത്തിൽ അയർലൻഡ് ദേശീയ ടീമിനായി കളിച്ചു. 2009ൽ അയർലൻഡ് ടീമിൽ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോർഗൻ ഏകദിനത്തിൽ 248 മത്സരങ്ങളിൽ നിന്ന് 7701 റണ്‍സും 115 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 2458 റണ്‍സും നേടി.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിട്ടുള്ള മോർഗൻ 83 മത്സരങ്ങളിൽ 1405 റണ്‍സടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി ഇംഗ്ലണ്ടിനായി 340 മത്സരങ്ങളിൽ ഇറങ്ങി. 16 ടെസ്റ്റിൽ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടി.
മോർഗൻ ക്രീസ് വിട്ടു...
12:03 AM Jun 29, 2022 | Deepika.com