ഡബ്ലിൻ: അയർലൻഡിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര ആരംഭിക്കുന്നതിനു മുന്പായി മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു വി. സാംസണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയം. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേഷ് കാർത്തികിനൊപ്പമുള്ള ചിത്രമായിരുന്നു അത്. ആ ചിത്രത്തിനു സഞ്ജു നൽകിയ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധേയം, ’ആരംഭിക്കലാമാ അണ്ണാ’ എന്നതായിരുന്നു അത്.
അയർലൻഡിന് എതിരായ രണ്ട് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യൻ സമയം ഞായർ രാത്രി 9.00ന് ആരംഭിക്കുന്പോൾ സഞ്ജു വി. സാംസണ് ടീമിൽ ഉണ്ടാകുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ അഭാവത്തിൽ സൂര്യകുമാർ യാദവ്, സഞ്ജു വി. സാംസണ് എന്നിവർ മൂന്ന്, നാല് ബാറ്റിംഗ് നന്പറിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിൽ ഫിനിഷറുടെ റോൾ ഭംഗിയാക്കിയ ദിനേഷ് കാർത്തിക് ആയിരിക്കും ഇന്ത്യയുടെ വിക്കറ്റിനു പിന്നിൽ എന്നാണ് കണക്കുകൂട്ടൽ.
മുൻനിര താരങ്ങളുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. വി.വി.എസ്. ലക്ഷ്മണ് ആണ് ഇന്ത്യയുടെ കോച്ച്.
ആരംഭിക്കലാമാ...
12:19 AM Jun 26, 2022 | Deepika.com