ബാങ്കോക്ക്: തായ്ലൻഡിൽ അരങ്ങേറുന്ന മൂന്നാമത് ഏഷ്യൻ വോളിബോൾ കോണ്‍ഫെഡറേഷൻ വനിതാ ചലഞ്ച് കപ്പിൽ ഇന്ത്യക്കു വിജയത്തുടക്കം.
സിംഗിൾ റൗണ്ട് റോബിൻ രീതിയിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ഇന്ത്യ 25-16, 25-19, 25-8ന് സിംഗപ്പുരിനെ തകർത്തു. മലയാളി താരം എൻ.എസ്. ശരണ്യയുടെയും ക്യാപ്റ്റൻ നിർമലിന്റെയും നേതൃത്വത്തിൽ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ സെറ്റിൽ 12-9ന്റെ ലീഡ് നേടി.
തിരിച്ചടിച്ച സിംഗപ്പുർ 12-14ന് അടുത്തെത്തിയെങ്കിലും മലയാളി താരങ്ങളായ കെ.പി. അനുശ്രീ, എസ്. സൂര്യ തുടങ്ങിയവരുടെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യ 25-16ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും സിംഗപ്പുർ പൊരുതി നോക്കിയെങ്കിലും 25-19ന് ഇന്ത്യ ഫിനിഷ് ചെയ്തു. മൂന്നാം സെറ്റ് ഏകപക്ഷീയമായി ഇന്ത്യ സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ മലേഷ്യ 23-25, 21-25, 25-16, 25-16, 25-11ന് ഉസ്ബക്കിസ്ഥാനെതിരേ തിരിച്ചുവരവ് ജയം ആഘോഷിച്ചു. ആതിഥേയരായ തായ്ലൻഡ് 25-19, 25-23, 25-11ന് ഹോങ്കോംഗിനെ കീഴടക്കി. ഇന്നു നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഉസ്ബക്കിസ്ഥാനെ നേരിടും.
വോളി: ഇന്ത്യക്കു ജയത്തുടക്കം
11:47 PM Jun 24, 2022 | Deepika.com