ബംഗളുരു: ഇന്നു ജയിച്ചാൽ ഋഷഭ് പന്തിനു തലയുയർത്താം, മറിച്ചായാൽ ഇന്ത്യയുടെ ‘ഭാവി’ നായകന്റെ ഭാവി തന്നെ തുലാസിലാകും. ഈ യാഥാർഥ്യം മനസിലാക്കിത്തന്നെയാണു പരന്പര വിജയികളെ നിർണയിക്കുന്ന മത്സരത്തിൽ യുവ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ എതിരിടുന്നത്. ഇന്നു വൈകിട്ട് ഏഴുമുതൽ ബംഗളുരുവിലാണ് അഞ്ചു മത്സര ട്വന്റി-20 പരന്പരയിലെ അവസാന മത്സരം. രണ്ടു മത്സരം വീതം ജയിച്ചു ടീമുകൾ സമനില പാലിക്കുകയാണ്.
പരിമിതികൾ ഏറെയുണ്ടെങ്കിലും ഇന്ത്യക്കു തന്നെയാണു നിരീക്ഷകർ മുൻതൂക്കം കൽപ്പിക്കുന്നത്. എട്ടു ദിവസത്തിനിടെ ഒരേ ടീമുമായി നാലു മത്സരം കളിച്ച ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റെങ്കിലും തുടർന്നു രണ്ടു മത്സരങ്ങൾ ജയിച്ചു പരന്പരയിൽ ജീവൻ തിരിച്ചുപിടിച്ചു. രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലിറങ്ങുന്ന ഇന്ത്യ ഇന്നും മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല.
പരിക്കേറ്റ ടെംബ ബാവുമ ഇന്നു കളിച്ചില്ലെങ്കിൽ മികച്ച ബാറ്ററെ മാത്രമല്ല നായകനെക്കൂടിയാണു പ്രോട്ടീസിനു നഷ്ടപ്പെടുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ക്ലച്ചുപിടിക്കാതിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനു ബാവുമയുടെ പരിക്കു കൂനിൻമേൽ കുരുവാകും.
ദിനേശ് കാർത്തിക്കിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ബാറ്റിംഗ് പ്രകടനവും ഹർഷൽ പട്ടേൽ-ആവേശ് ഖാൻ-ഭുവനേശ്വർ കുമാർ ത്രയത്തിന്റെ പേസുമാണ് ഇന്ത്യക്കു പരന്പര പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ. യുസ്വേന്ദ്ര ചാഹലിന്റെ സ്പിന്നിലും ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നു.
എന്നാൽ, ബാറ്റിംഗിലും നേതൃമികവിലും പന്തിന്റെ പ്രകടനം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ക്യാപ്റ്റൻ സ്ഥാനത്തിനായി ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും കാത്തുനിൽക്കുന്നത് പന്തിനു സമ്മർദം സൃഷ്ടിച്ചേക്കാം. മുൻനിരയിൽ ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനങ്ങളും ആശങ്കാവഹമല്ല.
മികച്ച പ്രകടനങ്ങളോടെ ദിനേശ് കാർത്തിക് ലോകകപ്പ് ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. പിൻനിരയിൽ കാർത്തിക്കിന്റെ പ്രകടനങ്ങൾ ഇന്ത്യക്കു പ്രതീക്ഷ നൽകുന്നതാണ്. അയർലൻഡിനെതിരേ ടീമിൽ സ്ഥാനമുറപ്പിച്ച കാർത്തിക്, ഒക്ടോബറിൽ പാക്കിസ്ഥാനെതിരേ എംസിജി ഗ്രൗണ്ടിൽ ഇന്ത്യയുടെ കീപ്പർ-ബാറ്റർ മേൽവിലാസത്തിൽ ഗ്രൗണ്ടിലിറങ്ങിയാലും അദ്ഭുതപ്പെടാനില്ല.
ഈ ടീം ഇന്ത്യയുടെ മികച്ചതല്ലെന്ന് നിരീക്ഷകർ ഒന്നടങ്കം പറയുന്നു. എന്നാൽ സമ്മർദങ്ങൾക്കിടയിലും ജയിച്ചുകയറാൻ ശീലിച്ച ടീമാണിത്. ബംഗളുരുവിൽ പന്തിന്റെ ഈ ഇന്ത്യൻ ടീം പരന്പര വിജയിക്കുന്നത് ആരാധകരെയും മാനേജ്മെന്റിനെയും സന്തോഷിപ്പിക്കുമെന്നുറപ്പ്.
ഇന്ത്യ x ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി-20 ഇന്ന്
12:13 AM Jun 19, 2022 | Deepika.com