അഹമ്മദാബാദ്: ഐപിഎൽ 15-ാം എഡിഷന്റെ കലാശപ്പോരാട്ടം ഇന്നു രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറുന്പോൾ മലയാളികൾ ആകെ ആകാംക്ഷാഭരിതരാണ്. കാരണം അവരുടെ സ്വന്തം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസും ലീഗിലെ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് മത്സരം എന്നതുതന്നെ.
രണ്ടു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഫൈനൽ വരെയെത്തിയത്. ആദ്യ പ്ലേ ഓഫിൽ ഡേവിഡ് മില്ലറിന്റെ അസാമാന്യ പ്രകടനം ഗുജറാത്തിനെ ഫൈനലിലെത്തിച്ചുവെങ്കിൽ ആ തോൽവിയിൽനിന്നും പാഠം ഉൾക്കൊണ്ട് റോയൽ ചലഞ്ചേഴ്സിനെ നിഷ്പ്രഭരാക്കിയായിരുന്നു രണ്ടാം പ്ലേ ഓഫിൽ രാജസ്ഥാൻ വിജയിച്ചു കയറിയത്.
ഒരു പതിറ്റാണ്ടിലേറെയുള്ള ബന്ധമാണ് രാജസ്ഥാൻ റോയൽസും ഐപിഎൽ ഫൈനലും തമ്മിലുള്ളത്. 2008ൽ പ്രഥമ ഐപിഎല്ലിൽ കിരീടം ചൂടിയ അവർ പിന്നീടൊരു ഫൈനലിലെത്താനായി കാത്തിരുന്നത് നീണ്ട 14 വർഷങ്ങളാണ്. അതും ഒരു മലയാളിയുടെ തോളിലേറി. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ ഇത്തവണ ഐപിഎല്ലിൽ കിരീടമുയർത്തിയാൽ മണ്മറഞ്ഞ ഇതിഹാസതാരം ഷെയ്ൻ വോണിനുള്ള ആദരവാകുമത്. നാലു സെഞ്ചുറികളടക്കം ടൂർണമെന്റിൽ ടോപ്സ്കോററായി മുന്നേറുന്ന ഇംഗ്ലീഷ് താരം ജോസ് ബട്ലറാണ് രാജസ്ഥാന്റെ കുന്തമുന.
ടൂർണമെന്റിൽ 26 വിക്കറ്റ് നേടിയ യൂസ്വേന്ദ്ര ചെഹൽ നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്. പ്രസിദ്് കൃഷ്ണയും ഒബെദ് മക്കോയിയും ട്രെൻഡ് ബോൾട്ടുമെല്ലാം സ്ട്രോംഗ് ആണ്. പിന്നെ ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും ജയ്സ്വാളും ഹെറ്റ്മെയറും എന്തിനും പോന്ന അശ്വിനും ചേരുന്പോൾ രാജസ്ഥാന് സ്വപ്നങ്ങൾ ഏറെ.
മറുഭാഗത്ത് തുടക്കക്കാരെന്ന നിലയിലുള്ള യാതൊരു പതർച്ചയുമില്ലാതെയാണ് ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റിലുടനീളം കളിച്ചത്. ക്യാപ്റ്റന്റെ പക്വതയോടെ കളിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് തന്നെയാണ് ആദ്യ മാർക്ക് നൽകേണ്ടത്. അവസരോചിതമായി കളിക്കുന്ന ബാറ്റിംഗ് നിരയും ശക്തമായ ബൗളിംഗ് നിരയും ഏതു ടീമിനെയും വിറപ്പിക്കാൻ പോന്നതാണ്. ലോകോത്തര സ്പിന്നർ റഷീദ് ഖാനും ഇന്ത്യയുടെ സൂപ്പർ പേസർ മുഹമ്മദ് ഷാമിയും ഉൾപ്പെട്ട ബൗളിംഗ് നിര ഇതിനോടകം ഇത് തെളിയിച്ചു കഴിഞ്ഞതാണ്. പിന്നെ എന്തിനും പോന്ന രാഹുൽ തെവാട്ടിയയും ഡേവിഡ് മില്ലറുമടങ്ങിയ ഫിനിഷർമാരും എതിരാളികളുടെ ചങ്കിടിപ്പു കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും അവർക്കുണ്ട്. എന്തായാലും കലാശപ്പോരാട്ടം തീപാറുമെന്നുറപ്പാണ്.
ഹെഡ് ടു ഹെഡ് ഗുജറാത്ത് ടൈറ്റൻസിന് 2-0ന്റെ ലീഡാണുള്ളത്. ഈ സീസണിലെ രണ്ടു മത്സരത്തിലും ഗുജറാത്തിനെതിരേ രാജസ്ഥാൻ റോയൽസിനു തോൽവിയായിരുന്നു.
ഐപിഎൽ ട്വന്റി 20 ഫൈനലിൽ രാജസ്ഥാൻ റോയൽസ് x ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം ഇന്ന്
01:00 AM May 29, 2022 | Deepika.com