ഭൂവനേശ്വർ: ഇന്ത്യൻ ക്ലബ് ഫുട്ബോളിന് ഗോകുല ശ്രീ. ഐ ലീഗ് കിരീടം ഗോകുലം കേരള എഫ്സിയുടെ പുരുഷ സംഘം നിലനിൽത്തിയതിനു പിന്നാലെ വനിതാ ലീഗ് കിരീടവും ക്ലബ് നിലനിർത്തി.
വനിതാ ലീഗ് കിരീടം നിർണയിച്ച സീസണിലെ അവസാന പോരാട്ടത്തിൽ 3-1ന് തമിഴ്നാട്ടിൽനിന്നുള്ള സേതു മധുര എഫ്സിയെ കീഴടക്കിയാണ് ഗോകുലത്തിന്റെ പെണ്‍കൊടികൾ ചാന്പ്യൻഷിപ്പ് നിലനിൽത്തിയത്.
സമനില നേടിയാലും കിരീടം നിലനിർത്താം എന്ന നിലയിലായിരുന്നു ഗോകുലം കേരള എഫ്സിയുടെ വനിതാ സംഘം കളത്തിലെത്തിയത്. 2021-22 സീസണിൽ ഒരു തോൽവി പോലും ഇല്ലാതെയാണ് ഗോകുലം ചാന്പ്യൻഷിപ്പിൽ മുത്തമിട്ടത് എന്നതും ശ്രദ്ധേയം.
ലീഗിൽ കളിച്ച 11 മത്സരത്തിലും ഗോകുലം തോൽവി അറിഞ്ഞിട്ടില്ല. ആകെ നാലു ഗോൾ മാത്രമേ സീസണിൽ ഗോകുലം കേരള വഴങ്ങിയിട്ടുള്ളൂ. സമനില മോഹിച്ചിറങ്ങിയ ഗോകുലത്തിനെ ഞെട്ടിച്ച് രണ്ടാം മിനിറ്റിൽ സേതു മധുര എഫ്സി ലീഡ് നേടി. ഹെഡറിൽ നിന്ന് റെനു ദേവിയായിരുന്നു ആദ്യ ഗോൾ നേടിയത്.
14-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഗോകുലം കടം വീട്ടി. എൽഷദായ് അചെങ്പോയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്ക് എടുത്ത ആശലത ദേവി പന്ത് വലയിലെത്തിച്ചു.
33-ാം മിനിറ്റിൽ ഘാന താരം എൽഷദായ് ഗോകുലത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതിയ അവസാനിക്കുന്നതിനിടെ മലബാറിയൻസ് വീണ്ടും ഗോൾ നേടി. 40-ാം മിനിറ്റിൽ മനീഷ കല്യാണിന്റെ വകയായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോൾ. രണ്ടാം പകുതിയിൽ ഗോൾ പിറന്നില്ല.
പുരുഷ, വനിതാ ലീഗുകളിൽ തുടർച്ചയായി രണ്ടാം തവണ കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നേട്ടം ഗോകുലം കേരള സ്വന്തമാക്കി. ഗോകുലം വനിതാ ടീം തുടർച്ചായ 21 മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുകയാണ്.
ശ്രീ ഗോകുലം
01:23 AM May 27, 2022 | Deepika.com