ജക്കാർത്ത: വൻ ജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി സൂപ്പർ ഫോറിൽ. പൂൾ എയിലെ അവസാന മത്സരത്തിൽ ഇന്ത്യ 16-0ന് ഇന്തോനേഷ്യയെ തകർത്തു. പൂൾ എയിലെ മറ്റൊരു മത്സരത്തിൽ ജപ്പാനോട് 2-3ന് തോറ്റ് പാക്കിസ്ഥാൻ പുറത്തായി.
പൂൾ എയിൽനിന്ന് ഇന്ത്യക്കൊപ്പം ജപ്പാനും സൂപ്പർ ഫോറിലെത്തി. പൂൾ ബിയിൽനിന്ന് മലേഷ്യയും ദക്ഷിണ കൊറിയയും സൂപ്പർ ഫോറിലെത്തി.
നിലവിലെ ചാന്പ്യന്മാരായ ഇന്ത്യക്ക് പാക്കിസ്ഥാൻ തോറ്റതോടെ അവസാന മത്സരത്തിൽ സൂപ്പർ ഫോറിലെത്തണമെങ്കിൽ 16 ഗോളിനു മുകളിലെങ്കിലും ജയം നേടണമെന്നായി.
ഇന്തോനേഷ്യൻ ഗോളിയുടെ ചില മികച്ച രക്ഷപ്പെടുത്തലുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്കോർ ഇതിലും ഉയരുമായിരുന്നു. സൂപ്പർ ഫോർ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ആദ്യ മത്സരത്തിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.
സൂപ്പർ ഇന്ത്യ
01:23 AM May 27, 2022 | Deepika.com