ന്യൂഡൽഹി: ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിൽ രണ്ട് മലയാളികൾ. ആഷിഖ് കുരുണിയനും സഹൽ അബ്ദുൾ സമദുമാണ് 25 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. 28ന് ദോഹയിൽവച്ചാണ് മത്സരം.
നായകൻ സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തി. പരിക്കുമൂലം വിട്ടുനിൽക്കുകയായിരുന്ന ഛേത്രി, 2021 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഇന്ത്യൻ ജഴ്സിയിലെത്തുന്നത്. ഒക്ടോബറിൽ സാഫ് ചാന്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരേയാണ് ഛേത്രി അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.
മുന്നേറ്റനിര യുവതാരം ഇഷാൻ പണ്ഡിത ഇന്ത്യൻ ടീമിൽ എത്തിയതാണ് മറ്റൊരു പ്രത്യേകത. ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ടീമിലിടം നേടി. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗില്ലിന് സ്ഥാനം നഷ്ടമായി.
ടീം: ഗോൾ കീപ്പർമാർ - ഗുർപ്രീത് സിംഗ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിംഗ്. പ്രതിരോധനിര - രാഹുൽ ബെക്കെ, ആകാശ് മിശ്ര, ഹർമൻജോത് സിംഗ് ഖബ്ര, റോഷൻ സിംഗ്, അൻവർ അലി, സന്ദേശ് ജിങ്കൻ, ശുഭാശിഷ് ബോസ്, പ്രീതം കോട്ടൽ. മധ്യനിര- ജീക്സണ് സിംഗ്, അനിരുദ്ധ് ഥാപ്പ, ഗ്ലാൻ മാർട്ടിൻസ്, ബ്രൻഡണ് ഫെർണാണ്ടസ്, ഋത്വിക് ദാസ്, ഉദാന്ത സിംഗ്, യാസിർ മുഹമ്മദ്, സഹൽ അബ്ദുൾ സമദ്, സുരേഷ് വാങ്ചം, ആഷിഖ് കുരുണിയൻ, ലിസ്റ്റണ് കൊളാസോ. മുന്നേറ്റനിര - സുനിൽ ഛേത്രി, മൻവീർ സിംഗ്, ഇഷാൻ പണ്ഡിത.
സഹൽ, കുരുണിയൻ ഇന്ത്യൻ ടീമിൽ
02:17 AM May 25, 2022 | Deepika.com