പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ അട്ടിമറി തുടരുന്നു. വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യനും രണ്ടാം സീഡ് താരവുമായ ബാർബോറ ക്രെജിക്കോവ ആദ്യ റൗണ്ടിൽ പുറത്ത്. ചെക് താരമായ ക്രെജിക്കോവ സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് കൗമാരതാരം ഡിയാനെ പെറിയോടാണ് തോൽവി സമ്മതിച്ചത്. സ്കോർ: 1-6, 6-2, 6-3. മുൻ ലോക ഒന്നാം നന്പറായ ജാപ്പനീസ് താരം നവോമി ഒസാക്കയെ നേരിട്ടുള്ള സെറ്റിന് അമേരിക്കയുടെ അമാൻഡ അനിസിമോവയോട് പരാജയപ്പെട്ടു. 7-5, 6-4ന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.
അതേസമയം, ഒന്നാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്വീഡന്റെ ലെസിയ സുറെങ്കോയെയാണ് ഷ്യാങ്ടെക് കീഴടക്കിയത്, 6-2, 6-0.
നദാൽ രണ്ടാം റൗണ്ടിൽ
പുരുഷ സിംഗിൾസിൽ കളിമണ്‍കോർട്ടിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന സ്പെയിനിന്റെ റാഫോൽ നദാൽ രണ്ടാം റൗണ്ടിൽ. ഓസ്ട്രേലിയയുടെ ജോർദാൻ തോംസണിനെയാണ് നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. സ്കോർ: 6-2, 6-2, 6-2.
സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക ആദ്യ റൗണ്ടിൽ പുറത്ത്. ഫ്രഞ്ച് യുവതാരം കോറെന്തീൻ മൗറ്റെറ്റിനോട് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 3-6, 6-7 (2-7), 3-6 ന് ആയിരുന്നു വാവ്റിങ്കയുടെ തോൽവി.
ചാന്പ്യൻ പുറത്ത്
03:34 AM May 24, 2022 | Deepika.com