തിരുവനന്തപുരം: സംസ്ഥാനത്തെ കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് ലഭിക്കാതായിട്ട് രണ്ടു വർഷം. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ മുഖേന സ്കൂൾ, കോളജ് ഹോസ്റ്റലുകളിലേയും സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലുകളിലേയും കായികതാരങ്ങൾക്ക് നല്കി വന്നിരുന്ന സ്പോർട്സ് കിറ്റുകളുടെ വിതരണമാണ് രണ്ടു വർഷമായി നിലച്ചത്.
ട്രാക്സ്യൂട്ട്, ഷൂസ്, ടീ ഷർട്ട്, ബാഗ് ഉൾപ്പെടെ ഒരു കായികതാരത്തിന് അടിസ്ഥാനമായി വേണ്ട എല്ലാ സാധനങ്ങളും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു മുൻകാലങ്ങളിൽ വിതരണം ചെയ്തിരുന്ന സ്പോർടസ് കിറ്റ്. എന്നാൽ, കൊറോണ വ്യാപനത്തിന്റെ തലേ വർഷം തന്നെ താരങ്ങൾക്കു നല്‍കേണ്ട കിറ്റിലെ സാധനങ്ങളുടെ എണ്ണവും കുറഞ്ഞു. ആ വർഷം ഒരു ലോവറും, രണ്ടു ടീ ഷർട്ടും ഷൂസും മാത്രമാണ് താരങ്ങൾക്ക് ലഭിച്ചത്. തൊട്ടടുത്ത വർഷം കിറ്റ് വിതരണമേ നടന്നില്ല. ഈ അധ്യയന വർഷം 2021 നവംബർ ഒന്നുമുതൽ സ്പോർട്സ് ഹോസ്റ്റലുകൾ പൂർണമായും തുറന്നു പ്രവർത്തിക്കുകയും കായികതാരങ്ങൾ പരിശീലനം ആരംഭിക്കുകയും ചെയ്തുവെങ്കിലും ഇക്കുറിയും താരങ്ങൾക്ക് സ്പോർട്സ് കിറ്റ് ലഭിച്ചിട്ടില്ല. സ്കൂൾ, കോളജ് സ്പോർട്സ് ഹോസ്റ്റലുകളിലും സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലുകളിലും എത്തുന്നത് ഏറ്റവും മികച്ച കായികതാരങ്ങളാണ്. ഇവരിലേറെയും സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്.
സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള അസോസിയേഷനുകൾ മുഖേന സംസ്ഥാനത്തു നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനായി പോകുന്ന താരങ്ങൾക്ക് പരിശീലനത്തിനും യാത്രയ്ക്കുമായി അനുവദിച്ച തുകയും കുടിശികയായിട്ട് നാളുകളായി. 15 ലക്ഷം രൂപ വരെ ലഭിക്കേണ്ട അസോസിയേഷനുകൾ ഉണ്ട്. ദേശീയ മത്സരത്തിനു മുന്നോടിയായി നിശ്ചിത ദിവസങ്ങളിൽ പരിശീലനത്തിനായി പ്രതിദിനം 450 രൂപയാണ് അനുവദിക്കുക. കൂടാതെ മത്സരത്തിനു പോകുന്ന ദിവസങ്ങളിലെ യാത്രയും ഭക്ഷണത്തിനായുള്ള 400 രൂപയും സ്പോർട്സ് കൗണ്‍സിൽ മുഖേന അസോസിയേഷനുകൾക്കു നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഉണ്ടായിരുന്നത്.
സബ് ജൂണിയർ, ജൂണിയർ, സീനിയർ തലങ്ങളിലും മത്സരങ്ങളിലുമായി സംസ്ഥാനത്തു നിന്നും 40 ഓളം അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 5000 ത്തോളം താരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മുൻ കാലങ്ങളിൽ മത്സരത്തിന് പോകുന്നതിന് മുന്‍പ് നിശ്ചിതതുക അഡ്വാൻസായി അസോസിയേഷനുകൾക്ക് നല്‍കുമായിരുന്നു. മത്സരത്തിനു ശേഷം ചിലവ് സംബന്ധിച്ച് ബില്ലുകൾ നല്കി പണമിടപാട് പൂർത്തിയാക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ മുൻകൂർ പണം നല്‍കുന്നില്ലെന്നു മാത്രമല്ല മത്സരം കഴിഞ്ഞ് തിരിച്ചുവന്ന് ബില്ലുകൾ നല്കിയാൽ പണം ലഭിക്കാത്ത അവസ്ഥയാണ്.
കിറ്റുകൾ നല്‍കാതിരുന്നത് കുറച്ചു ദിവസം മാത്രം പരിശീലനമുള്ളതിനാൽ: കൗണ്‍സിൽ സെക്രട്ടറി
തിരുവനന്തപുരം: കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് നല്‍കാതിരുന്നത് ഈ അധ്യയനവർഷം കുറച്ചു ദിവസം മാത്രം പരിശീലനങ്ങൾ ഉണ്ടായതിനാലാണെന്ന് സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി അജിത്ദാസ്. അടുത്ത അധ്യയനവർഷം കിറ്റ് നല്‍കും. അസോസിയേഷനുകൾക്ക് പണം നല്‍കാനുണ്ട്. കൃത്യമായി ബില്ലുകൾ നല്‍കുന്നത് അനുസരിച്ച് പണം നല്‍കുന്നതിനുള്ള ക്രമീകരണമാണ് നടത്തുന്നത്. സാന്പത്തിക പ്രതിസന്ധിമൂലമാണ് പണം നല്കുന്നതിൽ താമസമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരങ്ങൾക്ക് സ്പോർട്സ് കിറ്റില്ലാതായിട്ട് രണ്ടുവർഷം
02:06 AM May 19, 2022 | Deepika.com