ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോപ് ഫോറിൽ ഉൾപ്പെടാമെന്ന ആഴ്സണലിന്റെ മോഹത്തിനു തിരിച്ചടി. എവേ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് 2-0ന് ആഴ്സണലിനെ വീഴ്ത്തി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം ബെൻ വൈറ്റ് 55-ാം മിനിറ്റിലെ സെൽഫ് ഗോളിലൂടെ ന്യൂകാസിലിന് ലീഡ് സമ്മാനിച്ചു. 85-ാം മിനിറ്റിൽ ബ്രൂണൊ ഗുമെറീസ് ഗണ്ണേഴ്സിന്റെ തോൽവിയുടെ ആക്കം കൂട്ടി.
ജയിച്ചിരുന്നെങ്കിൽ ആഴ്സണലിനു പോയിന്റ് ടേബിളിൽ നാലാംസ്ഥാനത്തേക്ക് കയറാമായിരുന്നു. ലീഗിൽ ആദ്യ നാലു സ്ഥാനക്കാർക്കാണ് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിനു യോഗ്യത ലഭിക്കുക. നിലവിൽ 37 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സണൽ.
ഗണ്ണേഴ്സിന് ഇരുട്ടടി
01:50 AM May 18, 2022 | Deepika.com