ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണിൽ രാജസ്ഥാൻ റോയൽസ് എട്ടാം ജയം സ്വന്തമാക്കിയത് ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ ഓൾറൗണ്ട് മികവിൽ. കരുത്തരായ ലക്നോ സൂപ്പർ ജയന്റ്സിനെതിരേ 24 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം.
ഡൽഹി ക്യാപ്പിറ്റൽസിനെതിരേ എട്ടു വിക്കറ്റ് തോൽവിക്കു ശേഷമായിരുന്നു രാജസ്ഥാൻ റോയൽസ് ലക്നോയ്ക്ക് എതിരേ ഇറങ്ങിയത്. പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കണമെങ്കിൽ രാജസ്ഥാനു ജയം അനിവാര്യമായിരുന്നു. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ബാറ്റ് കൈയിൽ എടുത്തപ്പോൾ ഒന്‍പത് പന്തിൽ രണ്ട് ഫോർ ഉൾപ്പെടെ 17 റണ്‍സുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത ട്രെന്റ് ബോൾട്ട് ആണ് പ്ലെയർ ഓഫ് ദ മാച്ച് ആയത്. ക്വിന്റണ്‍ ഡികോക്ക്, ആയുഷ് ബദോണി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് രാജസ്ഥാന്റെ എതിരാളി. വെള്ളിയാഴ്ചയാണ് രാജസ്ഥാനും ചെന്നൈയും തമ്മിലുള്ള പോരാട്ടം. 13 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി രാജസ്ഥാൻ റോയൽസ് രണ്ടാം സ്ഥാനത്താണ്. ഇത്രയും പോയിന്റുമായി ലക്നോ സൂപ്പർ ജയന്റ്സ് മൂന്നാം സ്ഥാനത്തുണ്ട്.
ഓൾറൗണ്ടർ ബോൾട്ട്!
01:46 AM May 17, 2022 | Deepika.com