ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസണ് അവസാനത്തോടടുക്കുകയാണ്. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസും പുറത്തായ മുംബൈ ഇന്ത്യൻസുമാണു പോയിന്റ് പട്ടികയുടെ രണ്ടറ്റങ്ങളിൽ. ലക്നോ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ ഏറെക്കുറെ പ്ലേഓഫ് ഉറപ്പിക്കുന്പോൾ, ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി കനത്ത പോരാട്ടമാണു നടക്കുന്നത്.
കോടികൾ മുടക്കി ടീമിലെത്തിച്ച സൂപ്പർതാരങ്ങൾ നിരാശപ്പെടുത്തിയതാണു സീസണിൽ വന്പന്മാർക്കു തിരിച്ചടിയായത്. രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, എം.എസ്. ധോണി, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് തുടങ്ങിയവർക്കൊന്നും പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എന്നാൽ അടിസ്ഥാനവിലയ്ക്കു ടീമിലേക്കെത്തിക്കുകയും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത ചില താരങ്ങളാണു സീസണിലെ ശ്രദ്ധാകേന്ദ്രം.
ബനുക രാജപക്സെ
അടിസ്ഥാന വിലയായ 50 ലക്ഷം രൂപ മുടക്കി പഞ്ചാബ് കിംഗ് വിളിച്ചെടുത്ത താരമാണു ശ്രീലങ്കക്കാരനായ ബനുക രാജപക്സെ. ട്വന്റി 20 ലോകകപ്പിൽ നടത്തിയ തകർപ്പൻ പ്രകടനം കാഴ്ചവച്ച രാജപക്സെയ്ക്കായി ടീമുകൾ രംഗത്തെത്തുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. 50 ലക്ഷത്തിന് അദ്ദേഹത്തെ പഞ്ചാബ് ഒപ്പംകൂട്ടി. തീരുമാനം മോശമായില്ല. ഏഴ് മത്സരങ്ങളിൽ 165 സ്ട്രൈക്ക് റേറ്റോടെ 201 റണ്‍സാണ് അദ്ദേഹത്തിന്റെ സംഭാവന. നിലവിൽ പഞ്ചാബ് നിരയിലെ നിർണായക ഘടകമാണു രാജപക്സെ.
മുകേഷ് ചൗധരി
ചെന്നൈ സൂപ്പർ കിംഗ്സിന്റെ കണ്ടെത്തലാണു മുകേഷ് ചൗധരി. മെഗാ ലേലത്തിൽ ആരും വിളിക്കാനില്ലാത്ത ഈ ഇടംകൈയൻ പേസറെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണു സിഎസ്കെ ടീമിലെടുത്തത്. 10 മത്സരത്തിൽനിന്ന് 13 വിക്കറ്റ് നേടിയ മുകേഷ് പല വന്പന്മാരെയും കടത്തിവെട്ടി. പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചെങ്കിലും ന്യൂബോളിൽ ചെന്നൈ കൂടുതൽ ആശ്രയിക്കുന്നത് ഈ യുവതാരത്തെയാണ്.
മൊഹ്സിൻ ഖാൻ
ലക്നോ സൂപ്പർ ജയന്റ്സിന്റെ പേസ് കുന്തമുനയാണു മൊഹ്സിൻ ഖാൻ. അടിസ്ഥാനവിലയായ 20 ലക്ഷത്തിനു ലക്നോ സ്വന്തമാക്കിയ ഈ ഇടംകൈയൻ പേസർ, അഞ്ച് മത്സരത്തിൽനിന്ന് ഒന്‍പതു വിക്കറ്റുകൾ നേടിക്കഴിഞ്ഞു. ആറു റണ്‍സിൽ താഴെയാണു പല മത്സരങ്ങളിലെയും അദ്ദേഹത്തിന്റെ ഇക്കോണമി. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ പന്തുകൊണ്ടു മികവുകാട്ടുന്ന താരം ലക്നോയുടെ കിരീടപ്രതീക്ഷകളെ സജീവമാക്കുന്നവരിൽ സുപ്രധാനിയാണ്.
ഉമേഷ് യാദവ്
മെഗാലേലത്തിൽ ആർക്കും വേണ്ടാതിരുന്ന ബൗളറാണ് ഇന്ത്യയുടെ സീനിയർ പേസറായ ഉമേഷ് യാദവ്. അടിസ്ഥാനവിലയായ രണ്ടു കോടി മുടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ താരത്തെ ടീമിലെത്തിച്ചപ്പോൾ റിസ്കാണെന്നു പലരും കുറ്റപ്പെടുത്തി.
എന്നാൽ, പ്രകടനംകൊണ്ട് ഇവരുടെയെല്ലാം വായടപ്പിക്കാൻ ഉമേഷിനായി. 10 മത്സരത്തിൽനിന്ന് 15 വിക്കറ്റാണ് ഉമേഷ് ഇതുവരെ നേടിയത്. കെകെആർ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഇത്തവണ ഉമേഷ് യാദവ് പുറത്തെടുത്തത്. കെകെആറിന്റെ വിജയങ്ങൾ നിർണയിച്ച പ്രകടനം യാദവിൽനിന്നുണ്ടായി.
വില തുച്ഛം, ഗുണം മെച്ചം
12:18 AM May 12, 2022 | Deepika.com