മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം എഡിഷൻ പ്ലേഓഫിന് അരികെയാണ്. ഓരോ ടീമും കുറഞ്ഞത് 11 മത്സരങ്ങൾ കളിച്ചു. മത്സരച്ചൂട് ഉച്ചസ്ഥായിയിലാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ദയനീയ പരാജയങ്ങളോടെ പുറത്തായത് ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ ടീമുകളും (ചെന്നൈ സൂപ്പർ കിംഗ്സ് ഉൾപ്പെടെ) പ്ലേഓഫ് പ്രതീക്ഷ വച്ചുപുലർത്തുന്നവരാണ്.
കന്നി സീസണിൽ തകർപ്പൻ പ്രകടനങ്ങളുമായി ലക്നോ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസുമാണു പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. ഇവർ ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങൾക്കായി ഏഴുടീമുകളുടെ പോരാട്ടമാണ്. ആർക്കാണു കൂടുതൽ സാധ്യത?
വമ്പന്മാര് മടങ്ങും
കണക്കുകൾ പരിശോധിച്ചാൽ വന്പന്മാരൊക്കെ മടക്കത്തിനുള്ള തയാറെടുപ്പിലാണ്. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനുശേഷം (അഞ്ചു കിരീടം) പോയിന്റ് കുറവുള്ള എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും (നാലു കിരീടം) ശ്രേയസ് അയ്യരുടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സും (രണ്ടു കിരീടം) പ്ലേഓഫ് കളിക്കാൻ സാധ്യതയില്ല.
ടീം തെരഞ്ഞെടുപ്പും മോശം പ്രകടനങ്ങളും തിരിച്ചടിച്ചെന്ന് മാനേജ്മെന്റുകൾ സമ്മതിച്ചുകഴിഞ്ഞു. പോയിന്റ് നില: മുംബൈ- 11 കളി, നാലു പോയിന്റ്, ചെന്നൈ-11 കളി, എട്ടു പോയിന്റ്, കോൽക്കത്ത- 12 കളി, 10 പോയിന്റ്.
ഫ്രഷേഴ്സ് ഗെയിം
പുതുമുഖങ്ങളാണു സീസണിലെ താരങ്ങൾ. ലക്നോവും ഗുജറാത്തും എതിരാളികളെ ഭയപ്പെടാതെ ക്രിക്കറ്റ് കളിക്കുന്നവരാണ്. ഒരു ജയംകൂടിയുണ്ടെങ്കിൽ ഇരുടീമും പ്ലേഓഫ് കളിക്കും. ഒന്നാം സ്ഥാനത്ത് ഇവരിൽ ആരെത്തുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കെ.എൽ. രാഹുൽ നയിക്കുന്ന ലക്നോ, ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനം പിടിക്കുമെന്നു ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നു. പോയിന്റ് നില: ലക്നോ- 12 കളി, 16 പോയിന്റ്, ഗുജറാത്ത്- 12 കളി, 18 പോയിന്റ്.
റോയലാകാന്‍ രാജസ്ഥാന്
ശേഷിക്കുന്ന രണ്ടു സ്ഥാനത്തിനായാണു കനത്ത പോരാട്ടം. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനാണു മികച്ച നെറ്റ് റണ്‍റേറ്റ്. ഒരു ജയംകൂടിയുണ്ടെങ്കിൽ സഞ്ജു സാംസന്റെ ടീമിന് അവസാന നാലിൽ ഇടംപിടിക്കാം. ഗുജറാത്ത് ഒരു മത്സരം തോൽക്കുകയും റോയൽസ് ശേഷിക്കുന്ന മത്സരം ജയിക്കുകയും ചെയ്താൽ ആദ്യ രണ്ടിൽ ഇടംപിടിക്കാനും സാധ്യതയുണ്ട്. ഒരേ പോയിന്റ് വന്നാൽ നെറ്റ് റണ്‍റേറ്റ് മുന്പൻമാരെ നിശ്ചയിക്കും. രാജസ്ഥാൻ: 11 കളി, 14 പോയിന്റ്.
നാലാം സ്ഥാനത്തിനായി
നാലാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനും തുടർന്നുവരുന്ന ഡൽഹി ക്യാപ്പിറ്റൽസിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും പഞ്ചാബ് കിംഗ്സിനും അവശേഷിക്കുന്ന ഒരു പ്ലേഓഫ് സ്ഥാനത്തിനായി മത്സരിക്കാം. പോയിന്റിൽ മുന്നിലാണെങ്കിലും കുറഞ്ഞ നെറ്റ് റണ്‍റേറ്റ് റോയൽ ചലഞ്ചേഴ്സിനു തിരിച്ചടിയാണ്.
എന്നാൽ, ശേഷിക്കുന്ന മത്സരങ്ങളിൽ വിജയമുറപ്പിച്ചാൽ ബാംഗളൂരിന് അവസാന നാലിൽ ഇടമുറപ്പ്. മറിച്ചാകുകയും ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ മികച്ച റണ്‍റേറ്റുള്ള ഡൽഹിയോ ഹൈദരാബാദോ പഞ്ചാബോ പ്ലേഓഫ് കളിക്കും. ബാംഗളൂർ- 12 കളി, 14 പോയിന്റ്, ഡൽഹി-11 കളി, 10 പോയിന്റ്, ഹൈദരാബാദ് 11 കളി, 10 പോയിന്റ്, പഞ്ചാബ്- 11 കളി, 10 പോയിന്റ്.
പ്ലേഓഫ് അരികെ; സാധ്യതകൾ
01:05 AM May 11, 2022 | Deepika.com