മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ കരടിക്കുട്ടൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റഷ്യയുടെ ഡാനിൽ മെദ്വെദേവും കാളക്കൂറ്റൻ എന്നറിയപ്പെടുന്ന സ്പെയിനിന്റെ റാഫേൽ നദാലും കൊന്പുകോർക്കും. ഇന്ത്യൻ സമയം ഞായർ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഈ വന്പൻ ഫൈനൽ.
റഷ്യൻ ഭാഷയിൽ തന്റെ സർ നെയിം കരടി എന്നാണെന്നും സ്കൂൾ കാലഘട്ടത്തിൽ കരടി എന്നാണ് കൂട്ടുകാർ വിളിച്ചതെന്നും അതുകൊണ്ട് തന്റെ ഇഷ്ട വിളിപ്പേര് കരടി എന്നാണെന്നും മെദ്വദേവ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കാളപ്പോരിന്റെ നാട്ടുകാരനായതുകൊണ്ടാണ് കളിമണ്‍ കോർട്ടിന്റെ രാജാവായ നദാലിനു കാളക്കൂറ്റൻ എന്ന ചെല്ലപ്പേരു വീണത്.
ഇറ്റലിയുടെ മത്തേയോ ബറെറ്റീനിയെ കീഴടക്കിയാണ് നദാൽ തന്റെ ആറാം ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രവേശിക്കുന്നത്. സ്കോർ: 6-3, 6-2, 3-6, 6-3. നദാലിന്റെ 29-ാം ഗ്രാൻസ്ലാം ഫൈനലാണ്. സെമിയിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 7-6 (7-5), 4-6, 6-4, 6-1ന് മറികടന്നാണ് മെദ്വദേവ് ഫൈനലിൽ പ്രവേശിച്ചത്. റഷ്യൻ താരത്തിന്റെ തുടർച്ചയായ 13-ാം ഗ്രാൻസ്ലാം മത്സര ജയമാണ്.
21-ാം ഗ്രാൻസ്ലാം കിരീടം
പുരുഷ സിംഗിൾസിൽ 21 ഗ്രാൻസ്ലാം കിരീടം എന്ന ചരിത്രം കുറിക്കാനാണ് നദാൽ തയാറെടുക്കുന്നത്. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, സെർബിയയുടെ നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം 20 ഗ്രാൻസ്ലാം കിരീട റിക്കാർഡ് പങ്കിടുകയാണ് റാഫ.
21-ാം ഗ്രാൻസ്ലാമിനായി ഫെഡററും (2019 വിംബിൾഡണ്‍) ജോക്കോവിച്ചും (2021 യുഎസ് ഓപ്പണ്‍) മുന്‍പ് ശ്രമിച്ചെങ്കിലും ഫൈനലിൽ പരാജയപ്പെട്ടിരുന്നു. നദാൽ ഈ ഉദ്യമത്തിനു റാക്കറ്റ് ഏന്തുന്നത് ഇതാദ്യം.
2020 ഫ്രഞ്ച് ഓപ്പണ്‍ ജേതാവായശേഷം നദാൽ ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത് ആദ്യമായാണ്. 2021 ഫ്രഞ്ച് ഓപ്പണിനുശേഷം ആറ് മാസം പരിക്കിന്റെ പിടിയിലായ നദാൽ ഗ്രാൻസ്ലാം വേദിയിലേക്ക് തിരിച്ചെത്തുന്നത് ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ്.
ഓപ്പണ്‍ കാലഘട്ടത്തിൽ തുടർച്ചയായി രണ്ട് ഗ്രാൻസ്ലാം നേടുന്ന ആദ്യ താരം എന്ന ചരിത്രം കുറിക്കാനാണ് മെദ്വെദേവ് ഇറങ്ങുന്നത്. 2021 യുഎസ് ഓപ്പണ്‍ ചാന്പ്യനാണ് ഡാനിൽ. രണ്ടാം ഗ്രാൻസ്ലാം ആണ് റഷ്യൻ താരത്തിന്റെ ലക്ഷ്യം.
ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനൽ: മെദ്വെദേവ് v/s നദാൽ
12:01 AM Jan 29, 2022 | Deepika.com