മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ്സിയുടെ വിജയ സ്മേരം. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ 2-1നാണ് ചെന്നൈയിൻ ജയം സ്വന്തമാക്കിയത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ടീമുകൾ ഹോട്ടൽ ക്വാറന്റൈനിലായതോടെ രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്എല്ലിൽ മത്സരം നടന്നത്. ബുധനാഴ്ച ഗോവ x ഈസ്റ്റ് ബംഗാൾ മത്സരമായിരുന്നു ചെന്നൈയിൻ x നോർത്ത് ഈസ്റ്റിനു മുന്പ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയത്.
ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 35-ാം മിനിറ്റിൽ ലാൽഡൻമാവിയ റാൽറ്റെയിലൂടെ നോർത്ത് ഈസ്റ്റ് മുന്നിൽ കടന്നു. രണ്ടാം പകുതിയിൽ ഏര്യൽ ബോർസ്യൂക്ക് (52'), വ്ലാഡ്മിർ കൂമൻ (58') എന്നിവരുടെ ഗോളുകളിലൂടെ ചെന്നൈയിൻ ജയം സ്വന്തമാക്കി.
സീസണിൽ ചെന്നൈയിന്റെ അഞ്ചാം ജയമാണ്. 12 മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈയിനു സാധിച്ചു.
ചെന്നൈയിൻ വിജയസ്മേരം...
01:28 AM Jan 23, 2022 | Deepika.com