കേപ്ടൗണ്‍: ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന ചൊല്ല് യാഥാർഥ്യമാകുമോ എന്നറിയാനാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. കാരണം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം തേടി ഇന്ന് മൂന്നാം പോരട്ടത്തിനിറങ്ങുന്നു. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണു മത്സരം ആരംഭിക്കുക.
ആദ്യ രണ്ടു മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക 2-0ന് പരന്പര ഉറപ്പിച്ചതാണ്. അതുകൊണ്ടുതന്നെ ബെഞ്ചിന്റെ കഴിവ് അളക്കാനുള്ള മത്സരമായി ദക്ഷിണാഫ്രിക്ക ഇന്നത്തെ പോരാട്ടത്തെ കണ്ടാലും അദ്ഭുതമില്ല.
പുതിയ ക്യാപ്റ്റൻ കെ.എൽ. രാഹുലിന് സന്പൂർണ തോൽവിയോടെ ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങേണ്ടിവരുമോ എന്നതും സുപ്രധാന ചോദ്യമാണ്. കാരണം, ടെസ്റ്റിലും ഏകദിനത്തിലും ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയെ നയിച്ച മത്സരങ്ങളിലെല്ലാം രാഹുൽ എന്ന ക്യാപ്റ്റനു തോൽവിയായിരുന്നു. ലക്ഷ്യബോധമില്ലാത്തതും ആക്രമണോത്സുകതയില്ലാത്തതുമായ ഇന്ത്യൻ ടീമിനെയാണു ദക്ഷിണാഫ്രിക്കൻ മൈതാനത്ത് ആദ്യ രണ്ട് ഏകദിനത്തിലും കണ്ടത്. ഇന്ത്യയുടെ ഈ ദയനീയ പ്രകടനത്തിൽ ആരാധകർ തീർത്തും നിരാശരാണെന്നതും യാഥാർഥ്യം.
ഒന്നിൽ പിഴച്ചാൽ മൂന്നിൽ?
01:28 AM Jan 23, 2022 | Deepika.com