മെൽബണ്‍: ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ഷെഡ്യൂൾ പുറത്തിറക്കി. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ ഉദ്ഘാടന മത്സരം ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വാശിയേറിയ ഇന്ത്യ x പാക് പോരാട്ടം ഒക്ടോബർ 23ന് മെൽബണിൽ അരങ്ങേറും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. 2021 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ കീഴടക്കിയിരുന്നു.
സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമും ഗ്രൂപ്പ് ഘട്ട യോഗ്യത കടന്നെത്തുന്ന രണ്ടു ടീമും ഉൾപ്പെടും. ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം ഒക്ടോബർ 30ന് പെർത്തിലാണ്.
സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ ആതിഥേയരായ ഓസ്ട്രേലിയയും അയൽക്കാരായ ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടനമത്സരം. ന്യൂസിലൻഡിനെ കീഴടക്കിയാണ് 2021 ട്വന്റി-20 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകളും സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലാണ്.
ഒക്ടോബർ 16ന് സൂപ്പർ 12 യോഗ്യതാ റൗണ്ടിൽ ശ്രീലങ്ക x നമീബിയ പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക. നവംബർ 13ന് മെൽബണിലാണ് ഫൈനൽ.
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റ് : ഇന്ത്യ x പാക്: ഒക്ടോബർ 23ന്
01:11 AM Jan 22, 2022 | Deepika.com