ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ വന്പന്മാരായ ചെൽസിയും ലിവർപൂളും കൊന്പുകോർക്കും. ഫെബ്രുവരി 27ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽനടന്ന രണ്ടാം പാദ സെമിയിൽ ലിവർപൂൾ 2-0നു ജയിച്ചതോടെയാണ് ഫൈനൽ ചിത്രം വ്യക്തമായത്.
ചെന്പടയ്ക്കുവേണ്ടി ഡീഗോ ജോട്ട (19’, 77’) ഇരട്ടഗോൾ നേടി. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന ആദ്യപാദ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു. ആദ്യപാദ പോരാട്ടത്തിൽ ഗ്രാനിക് സാക്കയും രണ്ടാം പാദത്തിൽ തോമസ് പാർട്ടെയും ആഴ്സണൽ നിരയിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായെന്നതും ശ്രദ്ധേയം.
സെമിയിൽ രണ്ടു പാദത്തിലുമായി ചെൽസി 3-0ന് ടോട്ടനം ഹോട്ട്സ്പറിനെ മറികടന്നാണ് ഫൈനലിൽ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യപാദത്തിൽ 2-0നും രണ്ടാംപാദത്തിൽ 1-0നുമായിരുന്നു ചെൽസിയുടെ ജയം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയാണ് കിരീടം സ്വന്തമാക്കിയത്.
ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ : ചെൽസി x ലിവർപൂൾ ഫൈനൽ
01:11 AM Jan 22, 2022 | Deepika.com