ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2021-22 സീസണിൽ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി ഗോവയെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ജയം. ഐഎസ്എല്ലിൽ 346 ദിവസത്തെ ഇടവേളയ്ക്കുശേഷം ഈസ്റ്റ് ബംഗാൾ നേടുന്ന ആദ്യ ജയമാണ് ഇതെന്നതും ശ്രദ്ധേയം.
നോറം മഹേഷ് സിംഗിന്റെ ഇരട്ടഗോളുകളാണ് ഈസ്റ്റ് ബംഗാളിനു ജയമൊരുക്കിയത്. മത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ മഹേഷ് സിംഗിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബംഗാളിനെ ആൽബർട്ടോ നൗഗേര 37-ാം മിനിറ്റിൽ നേടിയ ഗോളിൽ ഗോവ സമനിലയിൽ പിടിച്ചു. 42-ാം മിനിറ്റിൽ മഹേഷ് സിംഗ് വീണ്ടും ലക്ഷ്യം കണ്ടു. ഇതിനു മറുപടി നൽകാൻ ഗോവയ്ക്കായില്ല.
മത്സരത്തിന്റെ 72 ശതമാനവും പന്ത് കൈവശംവച്ചശേഷമാണു ഗോവ തോൽവി വഴങ്ങിയത്. 12 മത്സരങ്ങളിൽ ഒന്പതു പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പത്താമതും ഇത്രയുംതന്നെ കളികളിൽനിന്ന് 13 പോയിന്റുള്ള ഗോവ ഒന്പതാമതുമാണ്.
ബ്ലാസ്റ്റേഴ്സ് ക്വാറന്റൈനിൽ
ഇന്നു നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ്- x എടികെ മോഹൻ ബഗാൻ മത്സരം മാറ്റിവച്ചു. കോവിഡിനെത്തുടർന്നു ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണു തീരുമാനം. ബ്ലാസ്റ്റേഴ്സിന്റെ മുംബൈ സിറ്റിക്കെതിരായ മത്സരവും മാറ്റിവച്ചിരുന്നു. ഒരാഴ്ചയായി ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയിട്ടില്ല. കഴിഞ്ഞ ബുധൻ മുതൽ ടീം ഐസൊലേഷനിലുമാണ്.
ഈസ്റ്റ് ബംഗാൾ ജയിച്ചേ...
12:22 AM Jan 20, 2022 | Deepika.com