പനാജി: ഐഎസ്എൽ 2021-22 സീസണ് ഫുട്ബോൾ മത്സരങ്ങൾ പുനഃക്രമീകരിക്കേണ്ടിവരുമെന്ന ശക്തമായ സൂചന നൽകി ഇന്നലെ നടക്കേണ്ടിയിരുന്ന ഹൈദരാബാദ് എഫ്സിയും ജംഷഡ്പുർ എഫ്സിയും തമ്മിലുള്ള മത്സരവും നീട്ടിവച്ചു.
ടീമുകളുടെ ബയോ സെക്യൂർ ബബിളിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തുടർച്ചയായ മൂന്നാം ദിവസമാണ് ഐഎസ്എൽ മത്സരം നടക്കാതിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ x ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് x മുംബൈ സിറ്റി മത്സരങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന ബഗാൻ x ഒഡീഷ എഫ്സി മത്സരം ഉൾപ്പെടെ നിലവിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഈ സീസണിൽ മാറ്റിവയ്ക്കപ്പെട്ട മത്സരങ്ങളുടെ എണ്ണം നാല് ആയി.
ഇന്നു നടക്കേണ്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷയും തമ്മിലുള്ള മത്സരവും നീട്ടിവച്ചേക്കുമെന്നാണ് സൂചന. ഒഡീഷ ക്യാന്പിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നത്തെ മത്സരത്തിനു മുന്പ് ഇന്നലെ നടക്കേണ്ടിയിരുന്ന ഇരു ടീമുകളുടെയും പ്രസ് കോണ്ഫറൻസ് റദ്ദാക്കി.
നാടകം തുടരുന്നു
ഐഎസ്എൽ മത്സരങ്ങൾ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നാടകം ഇന്നലെയും തുടർന്നു. ഒന്പത് ടീമുകൾ ഹോട്ടലിൽ ഐസൊലേഷനിലാണ്. എങ്കിലും മത്സരങ്ങൾ നടക്കേണ്ടതിന്റെ ഏതാനം മണിക്കൂർ മുന്പ് മാത്രമാണ് റദ്ദാക്കിയതായുള്ള ഐഎസ്എൽ അധികൃതരുടെ അറിയിപ്പ് എത്തുന്നത്.
മത്സരങ്ങൾ നീട്ടിവയ്ക്കുന്ന തീരുമാനം നേരത്തേതന്നെ കൈക്കൊള്ളാമെങ്കിലും സസ്പെൻസ് നിലനിർത്തി ഐഎസ്എൽ ആരാധകരെ മടുപ്പിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇന്നലെ ഹൈദരാബാദ് എഫ്സിക്കെതിരേ കളിക്കേണ്ടിയിരുന്ന ജംഷഡ്പുർ എഫ്സി ആറ് ദിവസമായി പരിശീലനം നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മുംബൈക്കെതിരേ ഇറങ്ങേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സും മത്സരത്തിനു മുന്പ് പരിശീലനത്തിന് എത്തിയില്ല. ഇക്കാര്യങ്ങളൊക്കെ പകൽപോലെ വ്യക്തമാണെങ്കിലും അതത് ദിവസത്തെ മത്സരം മണിക്കൂർ മുന്പ് മാത്രം റദ്ദാക്കുന്ന രീതിയാണ് ഐഎസ്എൽ അധികൃതർക്കുള്ളത്.
ടീമുകൾ മൈതാനത്തേക്ക്
ദിവസങ്ങൾ നീണ്ട ഹോട്ടൽ ക്വാറന്റൈനും ഐസൊലേഷനും ശേഷം ടീമുകൾ പരിശീലനത്തിനായി മൈതാനത്തേക്ക് എത്തിത്തുടങ്ങിയതായും ഗോവയിൽനിന്നുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. എഫ്സി ഗോവ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി ടീം അംഗങ്ങളാണ് പരിശീലനം പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഐഎസ്എൽ ആരാധകർക്ക് ഇത് ശുഭവാർത്തയാണ്.
മാനസികമായും ശാരീരികമായും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ബോസ്നിയൻ പ്രതിരോധ താരം ഏണെസ് സിപോവിക് പറഞ്ഞു.
ഐഎസ്എൽ പുനഃക്രമീകരിക്കും
11:41 PM Jan 17, 2022 | Deepika.com