വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ലീഗ് ഡബിൾ ജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരേ ഇറങ്ങും. ഡിസംബർ 19ന് നടന്ന ആദ്യപാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 3-0ന് ജയം സ്വന്തമാക്കിയിരുന്നു. ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ വാസ്കോയിലെ തിലക് മൈതാനത്താണ് ഇന്നത്തെ പോരാട്ടം.
തിലകക്കുറി
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മൈതാനമാണ് തിലക്. ഇവിടെ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ നാലിൽ മഞ്ഞപ്പട ജയം നേടി. മൂന്ന് എണ്ണം സമനിലയിൽ അവസാനിച്ചു. തിലക് മൈതാനത്ത് തുടർച്ചയായ ആറാം മത്സരത്തിനായാണ് കൊന്പന്മാർ ഇറങ്ങുന്നത്.
കൊന്പൻ മുന്പൻ
തുടർച്ചയായ 10 മത്സരങ്ങളിൽ അപരാജിത കുതിപ്പു നടത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. അവസാന അഞ്ച് മത്സരത്തിൽ മൂന്നിലും ബ്ലാസ്റ്റേഴ്സ് ജയിച്ചു. മറുവശത്ത് മുംബൈ സിറ്റിക്ക് കഴിഞ്ഞ അഞ്ചു മത്സരങ്ങളിലായി ജയം നേടാൻ സാധിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടശേഷം മുംബൈ സിറ്റിക്ക് പച്ചതൊടാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയം. കഴിഞ്ഞ അഞ്ച് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടുൾപ്പെടെയായി മൂന്ന് തോൽവി മുംബൈ നേരിട്ടു, രണ്ട് എണ്ണം സമനിലയായി.
ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. എന്നാൽ, ബ്ലാസ്റ്റേഴ്സിനോട് തോൽക്കുന്നതു വരെയുണ്ടായിരുന്ന ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് നിലവിൽ നാലാമതുള്ള മുംബൈക്കാർ ഇറങ്ങുന്നത്.
ഇരു ടീമും ഇതുവരെ 15 മത്സരങ്ങൾ നേർക്കുനേർ ഇറങ്ങി. അതിൽ മൂന്നു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ആറ് എണ്ണം മുബൈ ജയിച്ചപ്പോൾ ആറ് എണ്ണം സമനിലയിൽ കലാശിച്ചു.
എൻജിൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സിന്റെ എൻജിനായി പ്രവർത്തിക്കുന്നത് അഡ്രിയാൻ ലൂണയാണ്. 11 മത്സരങ്ങളിൽ ആറ് അസിസ്റ്റ് ആണ് ലൂണ ഇതുവരെ നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നടത്തിയതിൽ ജെസെൽ കർണെറോ, ജോഷു പ്രീറ്റൊ എന്നിവർക്കൊപ്പമാണ് ലൂണ ഇപ്പോൾ. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ അസിസ്റ്റ് നടത്തുന്ന താരം എന്ന റിക്കാർഡ് കുറിച്ചിരിക്കുകയാണ് ലൂണ.
പരിശീലനമില്ലാതെ ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ ടീമുകൾക്കിടയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മൂന്നു ദിവസം പരിശീലനത്തിനിറങ്ങാതെയാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരേ കളത്തിലെത്തുന്നത്. ബുധനാഴ്ച ഒഡീഷ എഫ്സിക്കെതിരായ ജയത്തിനുശേഷം ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കോവിഡിന്റെ പിടിയിൽ അകപ്പെടാതിരിക്കുകയാണ് പ്രധാനമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ മറുപടി.
ഒഡീഷ x ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അന്ന് മൂന്ന് ഒഡീഷ താരങ്ങൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. കാര്യങ്ങൾ നിയന്ത്രണവിധേയമാക്കനുള്ള തീവ്രശ്രമത്തിലാണ് ഐഎസ്എൽ അധികൃതരെന്നും കുടുംബങ്ങൾക്കൊപ്പമാണ് എല്ലാവരും ഇവിടെയുള്ളതെന്നും വുകോമനോവിച്ച് പറഞ്ഞു.
ഇന്നലെ മൈതാനത്തെത്തിയ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചെറിയ തോതിൽ മാത്രമാണ് പരിശീലനം നടത്തിയത്. ലീഗിൽ ശക്തമായ പോരാട്ടമാണു നടക്കുന്നത്. ആരും വെറുതേ ഒന്നും നൽകില്ല. കഠിനശ്രമത്തിലൂടെ മാത്രമേ പോയിന്റ് സ്വന്തമാക്കാൻ സാധിക്കൂ- വുകോമനോവിച്ച് വ്യക്തമാക്കി.
ISL പോയിന്റ്
ടീം, മത്സരം, ജയം, സമനില,
തോൽവി, പോയിന്റ്
ബ്ലാസ്റ്റേഴ്സ് 11 5 5 1 20
ജംഷഡ്പുർ 11 5 4 2 19
ഹൈദരാബാദ് 11 4 5 2 17
മുംബൈ 11 5 2 4 17
എടികെ ബഗാൻ 9 4 3 2 15
ചെന്നൈയിൻ 11 4 3 4 15
ബംഗളൂരു 11 3 4 4 13
ഗോവ 11 3 4 4 13
ഒഡീഷ 10 4 1 5 13
നോർത്ത് ഈസ്റ്റ് 11 2 3 6 9
ഈസ്റ്റ് ബംഗാൾ 11 0 6 5 6
ലീഗ് ഡബിളിന് കൊന്പന്മാർ
01:32 AM Jan 16, 2022 | Deepika.com