ഹൊബാർട്ട്: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇംഗ്ലീഷ് ബൗളർ എന്ന റിക്കാർഡ് സ്റ്റൂവർട്ട് ബ്രോഡ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ഡേവിഡ് വാർണറിന്റെ (0) വിക്കറ്റ് സ്വന്തമാക്കിയതോടെയാണിത്. 64 ആഷസ് ഇന്നിംഗ്സിൽനിന്ന് 129 വിക്കറ്റ് ആയി ബ്രോഡിന്. 58 ഇന്നിംഗ്സിൽ 128 വിക്കറ്റ് വീഴ്ത്തിയ ഇയാൻ ബോതമിനെയാണ് ബ്രോഡ് പിന്തള്ളിയത്.
പരന്പരയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 37 റണ്‍സ് എന്ന നിലയിലാണ്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 303 റണ്‍സ് നേടിയിരുന്നു. ആതിഥേയരുടെ ലീഡ് 152 ആയി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 188ൽ അവസാനിച്ചിരുന്നു. ക്രിസ് വോക്സ് (36), ജോ റൂട്ട് (34) എന്നിവരായിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് വീതം സ്വന്തമാക്കി.
ആഷസിൽ ബ്രോഡ് റിക്കാർഡ്
01:32 AM Jan 16, 2022 | Deepika.com