യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2021-22 സീസണിൽ സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണ നോക്കൗട്ടിൽ ഉണ്ടാകുമോ അതോ നോക്ക്ഡ് ഒൗട്ട് ആകുമോ എന്ന് ഇന്നറിയാം.
സ്വന്തം കാലിൽ കുത്തി നോക്കൗട്ടിൽ പ്രവേശിക്കണമെങ്കിൽ ബാഴ്സയ്ക്ക് ഇന്ന് ജയം അനിവാര്യം. ജർമൻ വന്പനായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്സലോണയുടെ എതിരാളി. ബയേണിന്റെ തട്ടകത്തിലാണ് മത്സരം എന്നതുകൂടിയാകുന്നതോടെ കാര്യങ്ങൾ വഷളാകുന്നു. നിലവിലെ ഫോം അനുസരിച്ച് ബാഴ്സയ്ക്ക് ബയേണിന്റെ തട്ടകത്തിൽ ജയം അപ്രാപ്യം. യുഎഇയിൽനിന്ന് മാനേജർ സ്ഥാനത്തേക്ക് ലാൻഡ് ചെയ്യിച്ച മുൻ താരം ചാവി ഹെർണാണ്ടസിന്റെ ബുദ്ധിയിൽ എന്തെങ്കിലും വിരിഞ്ഞാൽ മാത്രമേ ബാഴ്സയ്ക്ക് ജയം സാധ്യമാകൂ, ഒപ്പം പ്രീക്വാർട്ടർ പ്രവേശനവും.
ത്രിശങ്കുവിൽ
ഇ ഗ്രൂപ്പിൽ അഞ്ചിൽ അഞ്ച് മത്സരവും ജയിച്ച ബയേണ്‍ മ്യൂണിക്ക് 15 പോയിന്റുമായി പ്രീക്വാർട്ടറിൽ പ്രവേശിച്ചുകഴിഞ്ഞു. ബാഴ്സലോണ (7 പോയിന്റ്), പോർച്ചുഗലിൽനിന്നുള്ള ബെൻഫിക (5), യുക്രെയ്ൻ ക്ലബ് ഡൈനാമൊ കീവ് (1) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബയേണിനോട് പരാജയപ്പെടുകയോ, സമനില വഴങ്ങുകയോ ചെയ്താൽ ബാഴ്സയുടെ പ്രീക്വാർട്ടർ പ്രവേശനം ബെൻഫിക x ഡൈനാമൊ കീവ് മത്സരത്തെ ആശ്രയിച്ചായിരിക്കും. ബെൻഫിക ഡൈനാമോയുമായി സമനില നേടുകയോ തോൽക്കുകയോ ചെയ്താലും ബാഴ്സയ്ക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ഹോം മത്സരത്തിൽ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയതാണ് ബാഴ്സയെ ഈ ത്രിശങ്കുവിൽ എത്തിച്ചത്. സ്വന്തം തട്ടകത്തിൽ അരങ്ങേറുന്ന മത്സരത്തിൽ ബെൻഫിക്ക ജയിക്കാനാണ് സാധ്യത.
യൂറോപ്പ സാധ്യത
ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് പ്രീക്വാർട്ടറിൽ പ്രവേശിക്കുക. മൂന്നാം സ്ഥാനക്കാർക്ക് യൂറോപ്പിലെ രണ്ടാം നിര പോരാട്ടമായ യൂറോപ്പ ലീഗിൽ കളിക്കാൻ അവസരമുണ്ട്.
ചാന്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചാൽ 81.48 കോടിയും ക്വാർട്ടറിൽ കടന്നാൽ 89.96 കോടിയുമുൾപ്പെടെ ആകെ 171.45 കോടി രൂപ ലഭിക്കും. അതേസമയം, യൂറോപ്പ ലീഗ് ചാന്പ്യനായാൽ ലഭിക്കുന്നത് 126.71 കോടി രൂപ മാത്രം. ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചിൽ കിട്ടുന്നതിലും 45 കോടി കുറവ് !
മൂന്ന് തോൽവി
ചാന്പ്യൻസ് ലീഗിൽ ബയേണിനെതിരേ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സ തോറ്റു. യൂറോപ്യൻ പോരാട്ട ചരിത്രത്തിൽ ഏതെങ്കിലും ഒരു ടീമിനോട് ബാഴ്സ തുടർച്ചയായി മൂന്ന് തോൽവി വഴങ്ങുന്നത് ആദ്യം. ഈ മൂന്ന് തോൽവികളിലായി 14 ഗോൾ ബാഴ്സ വാങ്ങിക്കൂട്ടി, തിരിച്ചടിച്ചത് നാല് മാത്രം. 3-2, 8-2, 3-0 എന്നിങ്ങനെയായിരുന്നു ബാഴ്സയുടെ തോൽവി.
പ്ലാൻ ഓൾ ഒൗട്ട്
ബയേണിനെതിരേ ഓൾ ഒൗട്ട് പ്ലാൻ ആയിരിക്കും ചാവി ഉപയോഗിക്കുക എന്നാണ് പൊതുവായ വിലയിരുത്തൽ. ജെറാർഡ് പിക്വെ, റൊണാൾഡ് അരുജൊ, എറിക് ഗാർസ്യ എന്നിവരെ പിന്നിൽ അണിനിരത്തി 3-4-3 ശൈലിയായിരിക്കും ചാവി സ്വീകരിക്കുക. ഇരുപത്തിനാലുകാരനായ ഉസ്മൻ ഡെംബലെയാണ് ചാവിയുടെ ആവനാഴിയിലെ സുപ്രധാന ആയുധം.
മറുവശത്ത് പ്രീക്വാർട്ടർ ഉറപ്പിച്ച സ്ഥിതിക്ക് വലിയ കടുംപിടിത്തത്തിന് ബയേണ്‍ ഒരുപക്ഷേ നിന്നേക്കില്ല. അതുകൊണ്ടുതന്നെ പരിശീലകൻ ജൂലിയൻ നഗെൽസ്മാൻ ടീമിനുള്ളിൽ റൊട്ടേഷൻ വരുത്താൻ സാധ്യതയുണ്ട്.
ബയേണ്‍ മ്യൂണിക്ക് x ബാഴ്സലോണ ചാന്പ്യൻസ് ലീഗ് പോരാട്ടം രാത്രി 1.30ന്
12:16 AM Dec 08, 2021 | Deepika.com