നേപ്പിൾസ്: നാപ്പോളി ഇതിഹാസം ഡിയോഗൊ മാറഡോണയുടെ ചരമവാർഷികത്തിൽ നാപ്പോളിക്കു തകർപ്പൻ ജയം. നാപ്പോളി 4-0ന് ലാസിയോയെ തകർത്തു. 2020 നവംബർ 25നാണ് മാറഡോണ നിര്യാതനായത്. ജയത്തോടെ നാപ്പോളിക്കു സീരി എ ഫുട്ബോളിൽ മൂന്നു പോയിന്റ് ലീഡായി.
മത്സരത്തിനു മുന്പ് നാപ്പോളിയുടെ ഡിയേഗോ അർമാൻഡ മാറഡോണ സ്റ്റേഡിയത്തിൽ ഇതിഹാസതാരത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി മാറഡോണയുടെ ചിത്രമുള്ള ജഴ്സിയുമായാണു നാപ്പോളി കളിച്ചത്.
ആദ്യ പകുതിയിൽത്തന്നെ മൂന്നു ഗോളുമായി നാപ്പോളി ജയം ഉറപ്പിച്ചു. ഡ്രെയ്സ് മെർട്ടൻസ് ഇരട്ട ഗോൾ നേടിയപ്പോൾ പീറ്റർ സീലിൻസ്കിയും ഫാബിയൻ റൂയിസും ഓരോ ഗോളും നേടി. 14 കളിയിൽ 35 പോയിന്റാണു നാപ്പോളിക്ക്.
തുടർച്ചയായ രണ്ടാം മത്സരത്തിലും എസി മിലാനു തോൽവി. മിലാനെ 3-1ന് സസൊളോ പരാജയപ്പെടുത്തി. ലീഡ് നേടിയശേഷമാണു മിലാന്റെ തോൽവി. തോൽവിയോടെ മിലാൻ 14 മത്സരങ്ങളിൽ 32 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.
റോമ 1-0ന് ടോറിനോയെ പരാജയപ്പെടുത്തി. 25 പോയിന്റുമായി അഞ്ചാമതാണു റോമ.
നാപ്പോളിക്കു തകർപ്പൻ ജയം; മിലാനു തോൽവി
01:40 AM Nov 30, 2021 | Deepika.com