കൊച്ചി: 75-ാമതു സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
22 അംഗ ടീമിനെ മധ്യനിര താരവും തൃശൂര്‍ സ്വദേശിയുമായ ജിജോ ജോസഫ് നയിക്കും. മൂന്നു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ച ജിജോ എസ്ബിഐ താരമാണ്. ജിജോയ്ക്കു പുറമെ ആറു താരങ്ങളും മുമ്പ് സന്തോഷ് ട്രോഫി കളിച്ചവരാണ്. ഇക്കുറിയും ബിനോ ജോര്‍ജാണു പരിശീലകന്.
ഗോള്‍ കീപ്പര്‍മാര്‍: വി. മിഥുന്, എസ്. ഹജ്മല്‍. പ്രതിരോധ നിര: ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിന് തോമസ്, അജയ് അലക്സ്, മുഹമ്മദ് ഷഹീഫ്, മുഹമ്മദ് ബാസിത്ത്. മധ്യനിര: മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, അര്ജുന് ജയരാജ്, പി. അഖില്‍, കെ. സല്മാന്, എം. ആദര്‍ശ്, വി. ബുജൈര്‍, പി.എന്‍. നൗഫല്‍, നിജോ ഗില്‍ബെര്‍ട്ട്, എന്‍.എസ്. ഷിജില്‍. മുന്നേറ്റ നിര: ടി.കെ. ജെസിന്, എസ്. രാജേഷ്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് അജ്സല്‍. ടി.ജി. പുരുഷോത്തമന് സഹ പരിശീലകനായി തുടരും.
കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടിലും പനമ്പിള്ളി നഗര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലുമായിരുന്നു കോച്ചിംഗ് ക്യാമ്പ്.
ഇതില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. 2017ലാണ് കേരളം ഒടുവില്‍ സന്തോഷ് ട്രോഫി കിരീടം നേടിയത്.
യോഗ്യതാ റൗണ്ട് കൊച്ചിയില്‍
ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണു ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങള്‍. ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവയാണു കേരളത്തിനൊപ്പം ബി ഗ്രൂപ്പിലുള്ളത്.
ഒന്നിനു നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും. മൂന്നിന് ആന്‍ഡമാനെയും, അഞ്ചിനു പോണ്ടിച്ചേരിയെയും കേരളം നേരിടും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമാണു ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍.
സന്തോഷം പരക്കട്ടെ...
11:14 PM Nov 26, 2021 | Deepika.com