ഇറ്റലിയിലെ മൂന്നാമത്തെ വലിയ നഗരമായ നേപ്പിൾസിലെ ജനതയ്ക്കു രാജ്യത്തിനു പുറത്തുനിന്നൊരു ഇഷ്ട ഫുട്ബോൾ താരമുണ്ടെങ്കിൽ അതു ഡിയേഗൊ മാറഡോണ മാത്രം. നേപ്പിൾസ് നിവാസികൾ തങ്ങളുടെ ക്ലബ്ബായ നാപ്പോളിയിലുള്ള ഇറ്റാലിയൻ കളിക്കാരെ മാത്രം സ്നേഹിക്കുന്ന കൂട്ടത്തിലൊന്നുമല്ല. അവർ ആഗ്രഹിക്കുന്ന തരത്തിൽ കളിക്കുന്ന ആരെയും അവർ അതിരറ്റു സ്നേഹിക്കും.
ഈ സ്നേഹം ആവോളം ആസ്വദിച്ച താരമാണ് അർജന്റീനക്കാരനായ മാറഡോണ. മാറഡോണയെ ആ നഗരം തങ്ങളുടെ സാമൂഹിക, സാംസ്കാരിക മേഖലയിലെതന്നെ ഒരു ബിംബമാക്കി ഉയർത്തി. ഫുട്ബോളിനെക്കാൾ ഉപരിയായി മാറഡോണയെന്ന താരത്തെയും അവർ അത്യധികം സ്നേഹിച്ചു. ഏഴു വർഷത്തോളം നാപ്പോളിയിൽ കളിച്ച മാറഡോണയെന്ന കളിക്കാരൻ അവരുടെ ക്ലബ്ബിന്റെ വെറുമൊരു ഫുട്ബോളർ മാത്രമായിരുന്നില്ല, അവരുടെ എല്ലാമായിരുന്നു.
ഇറ്റലിയുടെ തെക്കൻഭാഗത്തെ പ്രധാന നഗരമായ നേപ്പിൾസിൽ 1926ൽ സ്ഥാപിതമായ നാപ്പോളിയെന്ന ഫുട്ബോൾ ക്ലബ്ബിന്റെ ഏറ്റവും മികച്ച കാലഘട്ടം മാറഡോണ തകർത്താടിയ 1984 മുതൽ1990 വരെയുള്ളതാണ്. നാപ്പോളി അതുവരെ ഇറ്റാലിയൻ ഫുട്ബോളിൽ എണ്ണപ്പെട്ട ശക്തിയേ ആയിരുന്നില്ല. വൻ പോരാട്ടങ്ങൾ നടക്കുന്ന സീരി എ ഫുട്ബോളിൽ ഈ കാലത്താണു നാപ്പോളിയെന്ന ക്ലബ് അവരുടെ സുവർണകാലം ആസ്വദിച്ചത്.
അക്കാലത്തെ ലോക റിക്കാർഡ് തുകയായ 12 മില്യൻ യൂറോയ്ക്ക് മാറഡോണയെ ബാഴ്സലോണയിൽനിന്നു നാപ്പോളി സ്വന്തമാക്കി. മാറഡോണയുടെ വരവ് ക്ലബ്ബിന് ഉണർവേകി. നേപ്പിൾസ് ഉൾപ്പെടുന്ന ഇറ്റലിയിലെ തെക്കൻ പ്രദേശങ്ങൾ സന്പത്ത് ഉൾപ്പെടെ പല കാര്യങ്ങളിലും വടക്കൻ പ്രദേശങ്ങളുമായി കലഹിക്കുന്ന കാലത്താണ് മാറഡോണ നേപ്പിൾസിലേക്കു വരുന്നത്.
നാപ്പോളിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച കാലമായിരുന്ന മാറഡോണ ഉണ്ടായിരുന്ന ഏഴു വർഷം. ക്ലബ് വിട്ടുപോയെങ്കിലും നാപ്പോളിക്കു സുവർണ കാലം നൽകിയ മാറഡോണയെ ക്ലബ് മറന്നില്ല. 2000ൽ ക്ലബ് അദ്ദേഹത്തിന്റെ വിഖ്യാതമായ പത്താം നന്പർ ജഴ്സി വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
മാറഡോണയുടെ ജന്മദിനമായ ഒക്ടോബർ 31ന് നാപ്പോളിയുടെ ജഴ്സി നിർമാതാക്കളായ എംപോറിയോ അർമാനി പുറത്തിറക്കി. മാറഡോണ ഗെയിം എന്ന പേരാണ് ഈ ജഴ്സി നൽകിയിരിക്കുന്നത്. മൂന്നു നിറങ്ങളിലുള്ള ജഴ്സിയിൽ മാറഡോണ മുഖചിത്രം ഫിംഗർപ്രിന്റ് തരത്തിൽ ആലേഖനം ചെയ്തു.
നാപ്പോളിയൻസിന് മാറഡോണ ഒരു താരത്തെക്കാൾ ഉപരിയായി അവരുടെ കുടുംബത്തിലെ അംഗംപോലെയായിരുന്നു. ഫുട്ബോളിന് അപ്പുറമുള്ള ബന്ധമായിരുന്നു നാപ്പോളിയൻസിന് മാറഡോണയുമായി. മാറഡോണയുടേതായി അവിടെ ഒരു പൂജ്യസ്ഥലം തന്നെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ മാറഡോണയുടേതായ തലമുടി, ഉപേക്ഷിച്ച മാൾബറോ സിഗരറ്റിന്റെ പാക്കറ്റ് തുടങ്ങി അദ്ദേഹം ഉപയോഗിച്ച പല വസ്തുക്കളും ഇവിടെ സൂക്ഷിക്കുന്നു.
1991ൽ മാറഡോണ നേപ്പിൾസ് വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾ അവിടെ നിലനിർത്തി. അത് എവിടെയും കാണാനുമാകും. അത്രമാത്രമാണു മാറഡോണ ആ നഗരത്തെ സ്വാധീനിച്ചത്. നഗരത്തിലുള്ള ഏതു തെരുവുകളിലൂടെ സഞ്ചരിച്ചാലും അവിടെ മാറഡോണയുടെ ചുവർചിത്രങ്ങൾ കാണാനാകും.
പല ചുവരുകളിലും മാറഡോണയുടെ ചിത്രം വരച്ചുവച്ചിട്ടുണ്ട്. മാറഡോണയെന്നും നേപ്പിൾസിന്റെ ദത്തുപുത്രൻതന്നെയാണ്. അവരുടെ എതിരില്ലാത്ത ചാന്പ്യനും തർക്കമില്ലാത്ത രാജാവും.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
നേപ്പിൾസിന്റെ മാറഡോണ
12:29 AM Nov 25, 2021 | Deepika.com