വിയ്യാറയൽ: മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ വിയ്യാറയലിനെ 2-0ന് തോൽപ്പിച്ചാണ് യുണൈറ്റഡ് നോക്കൗട്ട് ഉറപ്പാക്കിയത്.
ഇതോടെ താത്കാലിക പരിശീലകൻ മൈക്കിൾ കാരിക്കിനു ജയത്തോടെ തുടങ്ങാനായി. ക്രിസ്റ്റ്യനോ റൊണാൾഡോ, ജേഡൻ സാഞ്ചോ എന്നിവരാണു ഗോൾ നേടിയത്. പത്തു പോയിന്റുമായി യുണൈറ്റഡാണ് ഒന്നാമത്. ഏഴു പോയിന്റുമായി വിയ്യാറയൽ രണ്ടാമതും. അത്ലാന്തയ്ക്ക് ആറു പോയിന്റാണുള്ളത്.
നിലവിൽ ചാന്പ്യന്മാരായ ചെൽസി ഗ്രൂപ്പ് എച്ചിൽ 4-0ന് യുവന്റസിനെ തോൽപ്പിച്ചു. തെർവോ ചാലോബ, റീസ് ജയിംസ്, കല്ലം ഹഡ്സണ്‍ ഒഡോയി, ടിമോ വെർണർ എന്നിവരാണു ഗോൾ നേടിയത്. യുവന്റസ് നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ചതാണ്. 12 പോയിന്റ് വീതമാണു രണ്ടു ടീമിനും.
ഗ്രൂപ്പ് ഇയിൽ ബാഴ്സലോണയെ ബെൻഫിക്ക ഗോൾരഹിത സമനിലയിൽ തളച്ചു. ജയിച്ചിരുന്നെങ്കിൽ ബാഴ്സയ്ക്കു പ്രീക്വാർട്ടർ ഉറപ്പാക്കാമായിരുന്നു. ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്താണു ബാഴ്സ.
ബെൻഫിക്ക അഞ്ചു പോയിന്റുമായി മൂന്നാമതും. മറ്റൊരു മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് 2-1ന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ ബയേണിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ബയേണ്‍ നേരത്തെതന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.
യുണൈറ്റഡ്, ചെൽസി നോക്കൗട്ടിൽ
12:29 AM Nov 25, 2021 | Deepika.com