ബാഴ്സലോണ: ബാഴ്സലോണയുടെ പരിശീലകനായി ചാവി ഹെർണാണ്ടസ് തുടക്കം ഗംഭീരമാക്കി. സീസണിലെതന്നെ മികച്ച മത്സരം കാഴ്ചവച്ച ബാഴ്സലോണ 1-0ന് എസ്പാനിയോളിനെ തോൽപ്പിച്ചു. കാന്പ് നൂവിൽ ബാഴ്സലോണയുടെ ആധിപത്യം വ്യക്തമായിരുന്നു. 48-ാം മിനിറ്റിൽ മെംഫിസ് ഡിപെയുടെ പെനൽറ്റിയിലൂടെയാണു ബാഴ്സലോണ ഗോൾ നേടിയത്. 20 പോയിന്റുമായി ആറാം സ്ഥാനത്താണു ബാഴ്സ. ചാവിയുടെ കീഴിലുള്ള ആദ്യ മത്സരം കാണാൻ 74,418 ആരാധകരാണു സ്റ്റേഡിയത്തിലെത്തിയത്.
അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് ഒസാസുനയെ തോൽപ്പിച്ചു. 87-ാം മിനിറ്റിൽ ഫിലിപ്പെയുടെ ഹെഡറിലാണ് അത്ലറ്റിക്കോ ജയിച്ചത്. 26 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്ലറ്റിക്കോ.
ഒന്നാം സ്ഥാനത്തുള്ള സെവിയ്യ, ഇവാൻ റാക്കിട്ടിച്ച് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ അലാവ്സിനോടു 2-2ന്റെ സമനിലയുമായി രക്ഷപ്പെട്ടു. 90+2ാം മിനിറ്റിലാണു റാക്കിട്ടിച്ചിന്റെ സമനില ഗോൾ. സെവിയ്യയ്ക്കായി ലുകാസ് ഒകാപോസ് (38’) വലകുലുക്കി. അലാവ്സിനായി വിക്ടർ ലഗാർഡിയ (5’), ജോസേലു (45+7 പെനൽറ്റി) എന്നിവരാണ് ഗോൾ നേടിയത്.
ചാവി ജയത്തോടെ തുടങ്ങി
12:54 AM Nov 22, 2021 | Deepika.com