മാഞ്ചസ്റ്റർ: ഒലെ ഗണ്ണർ സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തുനിന്നു പുറത്താക്കി. പ്രീമിയർ ലീഗിൽ തുടരുന്ന മോശം പ്രകടനമാണു സോൾഷെയറുടെ പുറത്താക്കലിനു വഴിയൊരുക്കിയത്. മൈക്കിൾ കാരിക്കായിരിക്കും താത്കാലിക പരിശീലകൻ. സോൾഷെയറുടെ പരിശീലകസംഘത്തിലെ അംഗമായിരുന്നു കാരിക്ക്.
വാറ്റ്ഫോഡിനെതിരേയുള്ള മത്സരമായിരുന്നു സോൾഷെയറിനു തുടരാനുള്ള ഏക പിടിവള്ളി. എന്നാൽ, മത്സരത്തിൽ 4-1ന്റെ നാണംകെട്ട തോൽവിയോടെ സോൾഷെയറെ മാറ്റാതെ പറ്റില്ലെന്നായി. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും യുണൈറ്റഡിനു തോൽവിയായിരുന്നു.
യുണൈറ്റഡിന്റെ മുൻ കളിക്കാനായിരുന്ന സോൾഷെയർ 2018 ഡിസംബറിൽ താത്കാലിക പരിശീലകനായി. പിന്നീട് 2019 മാർച്ചിൽ സ്ഥിരനിയമനം നല്കുകയും ചെയ്തു. പരിശീലകനായി ചുരുക്കം നേട്ടങ്ങളേ മുൻതാരത്തിനു നേടാനായുള്ളൂ. ഇംഗ്ലീഷ് ലീഗിൽ എവേയിൽ പരാജയമറിയാതെയുള്ള 29 മത്സരം. കഴിഞ്ഞ രണ്ടു സീസണിൽ ടീമിനെ ലീഗിലെ ആദ്യ നാലിൽ എത്തിക്കാനുമായി. എന്നാൽ ഇക്കാലത്ത് യുണൈറ്റഡിനു കിരീടങ്ങളൊന്നും നേടാനുമായില്ല.
ഒലെ ഗണ്ണർ സോൾഷെയറെ പുറത്താക്കി
12:54 AM Nov 22, 2021 | Deepika.com