കേപ്ടൗണ്‍: മിസ്റ്റർ 360 ഡിഗ്രിയെന്നും സൂപ്പർമാൻ എന്നും ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഏബ്രഹാം ബെഞ്ചമിൻ ഡി വില്യേഴ്സ് എന്ന എബി ഡിവില്യേഴ്സ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണു താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ച താരം ആഭ്യന്തര ക്രിക്കറ്റിൽ തുടരുന്നുണ്ടായിരുന്നു. എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചതോടെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ഇന്ത്യയുമായുള്ള പത്തു വർഷത്തെ ബന്ധവും എബിഡി അവസാനിപ്പിച്ചു. 2011ലാണു താരം ഡൽഹി ഡെയർ ഡെവിൾസിൽനിന്ന് ആർസിബിയിലെത്തിയത്. ആർസിബിക്കായി 156 മത്സരങ്ങളിൽനിന്ന് 4491 റണ്‍സാണ് നേടി. ഐപിഎലിൽ 186 മത്സരങ്ങളിൽനിന്ന് 5162 നേടിയിട്ടുണ്ട്. 2015ൽ മുംബൈ ഇന്ത്യൻസിനെതിരേ പുറത്താകാതെ നേടിയ 133 റണ്‍സാണ് ഉയർന്ന സ്കോർ.
ട്വന്റി-20 കരിയറിൽ 340 മത്സരങ്ങളിൽനിന്ന് 9424 റണ്‍സ് നേടി. ഇതിൽ നാലു സെഞ്ചുറിയും 59 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 10689 റണ്‍സും ലിസ്റ്റ് എയിൽ 263 മത്സരങ്ങളിൽ 11123 റണ്‍സും നേടി.
ഡിവില്യേഴ്സ് വിരമിച്ചു
01:20 AM Nov 20, 2021 | Deepika.com