ബ്രൂഷ്/ഡോണെറ്റ്സ്ക്: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡുംകൂടി എവേ പോരാട്ടത്തിൽ എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത് 10 ഗോൾ. ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർ സിറ്റി 5-1ന് ബെൽജിയം ക്ലബ്ബായ ബ്രൂഷിനെ തകർത്തു.
റിയാദ് മഹ്റെസ് (43 പെനൽറ്റി, 84’) ഇരട്ട ഗോൾ നേടിയപ്പോൾ ജാവൊ കാൻസെലൊ (30’), കെയ്ൽ വാക്കർ (53’), കോൾ പാൾമെർ (67’) എന്നിവരും ഇംഗ്ലീഷ് സംഘത്തിനായി ലക്ഷ്യംകണ്ടു. 19 വയസുള്ള പാൾമെർ ചാന്പ്യൻസ് ലീഗിൽ സിറ്റിക്കായി ഗോൾ നേടുന്ന മൂന്നാമതു മാത്രം കൗമാരക്കാരനാണ്.
വിനീഷ്യസ്, ബെൻസെമ
ഗ്രൂപ്പ് ഡിയിൽ യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡോണെറ്റ്സ്കിനെതിരേ റയൽ മാഡ്രിഡ് 5-0ന്റെ ജയം സ്വന്തമാക്കി. വിനീഷ്യസ് ജൂണിയർ (51’, 56’) ഇരട്ട ഗോൾ നേടിയപ്പോൾ റോഡ്രിഗോ (65’), കരിം ബെൻസെമ (90+1’) എന്നിവരും സ്പാനിഷ് ക്ലബ്ബിനായി വലകുലുക്കി. റയലിനായി ഏറ്റവും കൂടുതൽ ഗോൾ എന്ന പട്ടികയിൽ നാലാം സ്ഥാനത്തും ബെൻസെമ എത്തി- 290 ഗോൾ.
ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരങ്ങളിൽ മോൾഡോവൻ ക്ലബ്ബായ ഷെരിഫിനെ ഹോം മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ 3-1നു കീഴടക്കി.
സിറ്റി+റയൽ= 10
01:38 AM Oct 21, 2021 | Deepika.com