ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തലസ്ഥാന നഗരിയിലെ രണ്ടു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ചാന്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ചിരിച്ചു. ലണ്ടൻ ഡെർബിയിൽ ബ്രെന്റ്ഫോഡും ചെൽസിയും തമ്മിൽ ബ്രെന്റ്ഫോഡ് കമ്യൂണിറ്റി സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം.
പടിഞ്ഞാറൻ ലണ്ടൻനിവാസികളായ ബ്രെന്റ്ഫോഡിനെ അവരുടെ തട്ടകത്തിൽവച്ച് ചെൽസി 1-0നു കീഴടക്കി. ബെൻ ചിൽവെൽ (45’) നേടിയ ഗോളിലായിരുന്നു ചെൽസിയുടെ ജയം. ലെഫ്റ്റ് ബാക്ക് ആയ ചിൽവെൽ പ്രീമിയർ ലീഗിൽ ചെൽസിക്കായി തുടർച്ചയായ മൂന്നാം മത്സരത്തിലാണു ഗോൾ നേടുന്നത്.
ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് ചരിത്രത്തിൽ എവേ ലണ്ടൻ ഡെർബിയിൽ തുടർച്ചയായ ഏഴു മത്സരങ്ങളിൽ ജയിക്കുന്ന ആദ്യ ടീം എന്ന നേട്ടവും ചെൽസി സ്വന്തമാക്കി. ചെൽസി ഗോൾ കീപ്പർ ക്ലീൻ ഷീറ്റുമായി കളി അവസാനിപ്പിച്ച 20-ാം പ്രീമിയർ ലീഗ് മത്സരമായിരുന്നു.
എവർട്ടണിനെ എവേ പോരാട്ടത്തിൽ ആസ്റ്റൺ വില്ല 1-0നു കീഴടക്കി. 15 പോയിന്റുള്ള ബ്രൈറ്റൺ ആണ് നാലാമത്.
ജയത്തോടെ ലീഗിൽ എട്ടു മത്സരത്തിൽനിന്ന് 19 പോയിന്റുമായി ചെൽസി ഒന്നാം സ്ഥാനത്ത് എത്തി. ലിവർപൂൾ (18), മാഞ്ചസ്റ്റർ സിറ്റി (17) എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലെസ്റ്റർ സിറ്റിയോട് 4-2ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 14 പോയിന്റുമായി ആറാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ പരിശീലക സ്ഥാനത്തുന്നിന് ഓലെ ഗണ്ണർ സോൾഷെയറിനെ മാറ്റണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
ചിൽവെൽ ഗോളിൽ ചെൽസിക്ക് ജയം, ലീഗിൽ ഒന്നാമത്
12:31 AM Oct 18, 2021 | Deepika.com