റൊണാൾഡോ, മെസി, ഛേത്രി... ഇവർ മൂവരുമാണു ഫുട്ബോൾ ലോകത്തിലെ സൂപ്പർ ഹീറോസ്... സിനിമ ഡയലോഗ് അല്ലിത്, രാജ്യാന്തര ഫുട്ബോളിൽ നിലവിൽ കളിക്കുന്ന ഗോൾവേട്ടക്കാരുടെ പട്ടികയാണ്...
രാജ്യാന്തര ഫുട്ബോളിൽ ലോകത്തിൽ നിലവിൽ കളിക്കുന്നതിൽ ഗോൾ വേട്ടക്കാരിൽ ആദ്യ മൂന്നു സ്ഥാനക്കാരാണു പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും ഇന്ത്യയുടെ സുനിൽ ഛേത്രിയും. റൊണാൾഡോ 115 ഗോളുമായി ഏറെ മുന്നിലാണെങ്കിലും മെസിയും ഛേത്രിയും തമ്മിലുള്ളത് ഒരേയൊരു ഗോളിന്റെ വ്യത്യാസം മാത്രം. മെസിക്ക് 80ഉം ഛേത്രിക്ക് 79ഉം.
ഛേത്രി ഇന്ന് സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെതിരേ ഇറങ്ങും. ഒരു ഗോളടിച്ചാൽ മെസിക്ക് ഒപ്പമെത്താം, രണ്ടാണെങ്കിൽ മെസിയെ മറികടക്കാം. അതുകൊണ്ടുതന്നെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ മെസിയോടു ചോദിക്കൂന്നു... മെസീ, നീ കാണുന്നുണ്ടോ ഞങ്ങളുടെ സുനിൽ ഛേത്രിയെ...
സാഫ് കപ്പിൽ ലീഗ് റൗണ്ടിൽ മാലദ്വീപിനെതിരേ ഇരട്ട ഗോളടിച്ചതോടെ ഛേത്രി ബ്രസീൽ ഇതിഹാസം പെലെയെ (77ഗോൾ) മറികടന്നിരുന്നു. സാഫ് കപ്പിൽ നാലു മത്സരങ്ങളിൽ നാലു ഗോൾ ഛേത്രി സ്വന്തമാക്കിയിട്ടുണ്ട്. ഇന്നു നടക്കുന്ന ഫൈനലിലും ഛേത്രിയുടെ ഗോളിനായാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.
റൊണാൾഡോ, മെസി, ഛേത്രി...
12:02 AM Oct 16, 2021 | Deepika.com