അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും ഇന്ത്യൻ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രിയും ഗോളടിച്ച രാത്രി... ഇരുവരുടെയും ഗോൾ നേട്ടമറിഞ്ഞാണ് ഇന്ത്യൻ ഫുട്ബോൾ ലോകം തിങ്കളാഴ്ചയിലേക്ക് ഇമ തുറന്നത്.
ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയ്ക്കെതിരേയായിരുന്നു മെസിയുടെ ഗോൾ. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 80-ാം ഗോളായിരുന്നു അത്.
സാഫ് ചാന്പ്യൻഷിപ്പിൽ നേപ്പാളിനെതിരായ മത്സരത്തിലായിരുന്നു സുനിൽ ഛേത്രിയുടെ ഗോൾ. ഇന്ത്യൻ സൂപ്പർ താരത്തിന്റെ 77-ാം രാജ്യാന്തര ഗോളായിരുന്നു അത്. അതോടെ ബ്രസീൽ ഇതിഹാസം പെലെയ്ക്കൊപ്പവും (77 ഗോൾ) ഛേത്രി എത്തി.
മെസിയുടെ വെറൈറ്റി
ഉറുഗ്വെയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ, ശരിക്കും പറഞ്ഞാൽ ഒരു വിചിത്ര ഗോൾ... മെസിക്കുപിന്നാലെ റോഡ്രിഗൊ ഡിപോളും (44’) ലൗതാരൊ മാർട്ടിനെസും (62’) ഗോൾ നേടിയതോടെ അർജന്റീനയുടെ ജയം 3-0ന്.
ഗോൾ വരയ്ക്ക് 35 മീറ്റർ പുറത്തുനിന്ന് മെസി ഇടംകാൽകൊണ്ട് ഉയർത്തിവിട്ട പന്ത് കണക്ട് ചെയ്യാൻ പാഞ്ഞെത്തിയ നിക്കോളാസ് ഗോണ്സാലയ്ക്കു സാധിച്ചില്ല. എന്നാൽ, ഉറുഗ്വെൻ ഗോളി മുസ്ലേരയെ കടന്ന് പന്ത് വലയുടെ ഇടതു കോണിൽ. തുടർച്ചയായ 24-ാം മത്സരത്തിലാണ് ലയണൽ സ്കലോണിയുടെ ശിക്ഷണത്തിലിറങ്ങുന്ന അർജന്റീന പരാജയമറിയാതെ കളംവിടുന്നത്.
നെയ്മർ മതിയാക്കുന്നു
സാവോ പോളോ: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ആയിരിക്കും തന്റെ അവസാന ലോകകപ്പ് എന്നു ബ്രസീൽ സൂപ്പർ താരം നെയ്മർ. 2026ൽ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവ സംയുക്തമായി നടത്തുന്ന ലോകകപ്പിൽ കളിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് അറിയില്ലെന്നും ഒരു ഡോക്യുമെന്ററി ചിത്രത്തിലൂടെ നെയ്മർ വ്യക്തമാക്കി.
ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീൽ കൊളംബിയയോടു ഗോൾരഹിത സമനില വഴങ്ങി.തുടർച്ചയായ ഒന്പതു ജയത്തിനുശേഷമാണു ബ്രസീൽ ഒരു പോയിന്റ് പങ്കുവയ്ക്കുന്നത്.
മറ്റു മത്സരങ്ങളിൽ ബൊളീവിയ 1-0ന് പെറുവിനെയും വെനസ്വേല 2-1ന് ഇക്വഡോറിനെയും ചിലി 2-0നു പരാഗ്വയെയും പരാജയപ്പെടുത്തി.
ബ്രസീൽ (28 പോയിന്റ്), അർജന്റീന (22), ഇക്വഡോർ (16), ഉറുഗ്വെ (16), കൊളംബിയ (15) എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
അവിടെ മെസി, ഇവിടെ ഛേത്രി...
11:49 PM Oct 11, 2021 | Deepika.com