ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് x പഞ്ചാബ് കിംഗ്സ് മത്സരശേഷം ഏവരുടെയും ഹൃദയം കവർന്ന വിവാഹാഭ്യർഥന നേരത്തേയാക്കിയതിന്റെ ക്രെഡിറ്റ് എം.എസ്. ധോണിക്ക്. മത്സരശേഷം ചെന്നൈ താരം ദീപക് ചാഹർ തന്റെ പ്രണയിനി ജയ ഭരദ്വാജിനോടു വിവാഹാഭ്യർഥന നടത്തിയത് തരംഗമായിരുന്നു.
പ്ലേ ഓഫ് മത്സരത്തിനുശേഷം വിവാഹാഭ്യർഥന നടത്താനായിരുന്നു ദീപക് ആദ്യം തീരുമാനിച്ചിരുന്നത്. ഇക്കാര്യം ടീം ക്യാപ്റ്റൻ ധോണിയോട് പറഞ്ഞപ്പോൾ അദ്ദേഹമാണ് ലീഗ് മത്സരത്തിനുശേഷം വിവാഹാഭ്യർഥന നടത്താൻ ചാഹറിനോടു നിർദേശിച്ചത്. ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിംഗ് ചാഹറാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.
മത്സരത്തിനുശേഷം ഇത്തരമൊരു കാര്യം ആസൂത്രണം ചെയ്യുന്നതായി ദീപക് കുടുംബാംഗങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു. ഞങ്ങൾക്കെല്ലാം അതിൽ സന്തോഷം മാത്രമേയുള്ളൂ. അതുകൊണ്ട് 180 രാജ്യങ്ങളിലുള്ളവർ ദീപകിന്റെയും ജയയുടേയും മോതിരമാറ്റ ചടങ്ങ് തത്സമയം കണ്ടില്ലേ. അവൻ തിരിച്ചുവന്നിട്ടുവേണം വിവാഹ തീയതി നിശ്ചയിക്കാൻ-ലോകേന്ദ്ര സിംഗ് പറഞ്ഞു.
‘വിവാഹാഭ്യർഥന നേരത്തേ ആക്കിയതു ധോണി’
01:08 AM Oct 09, 2021 | Deepika.com