പാരീസ്: യൂറോപ്യൻ ക്ലബ് ഫുട്ബോൾ പോരാട്ടത്തിലെ സൂപ്പർ പോരാട്ടം ഇന്ന്. ഫ്രഞ്ച് ലീഗ് വണ്ണിലെ കരുത്തരായ പാരീ സാൻ ഷെർമയ്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ഇന്നു കൊന്പുകോർക്കും, യുവേഫ ചാന്പ്യൻസ് ലീഗിലെ ഈ ഗ്രൂപ്പ് പോരാട്ടം അരങ്ങേറുന്നത് ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന്. പിഎസ്ജിയുടെ തട്ടകത്തിലാണു മത്സരം.
അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയതിനുശേഷം ക്ലബ്ബിന്റെ രണ്ടാം ചാന്പ്യൻസ് ലീഗ് പോരാട്ടമാണ്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ പിഎസ്ജി എവേ പോരാട്ടത്തിൽ ക്ലബ് ബ്രൂഷിനോട് 1-1 സമനില വഴങ്ങിയിരുന്നു. മെസി-നെയ്മർ-കൈലിയൻ എംബാപ്പെ ത്രയമാണു പിഎസ്ജിയുടെ കരുത്ത്.
റയൽ മാഡ്രിഡിൽനിന്നു പിഎസ്ജിയിലെത്തിയ പ്രതിരോധതാരം സെർജിയൊ റാമോസ് ഇന്നു കളിക്കാനുള്ള സാധ്യതയുണ്ട്. പരിക്കിനെത്തുടർന്ന് റാമോസ് പിഎസ്ജി ജഴ്സിയിൽ ഇതുവരെ അരങ്ങേറിയിട്ടില്ല. ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരായ മത്സരത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നു മെസി വിശ്രമത്തിലായിരുന്നു.മെസിയും റാമോസും ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനായി മൈതാനത്തെത്തിയിരുന്നു.
ചാന്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് ഇതുവരെ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ജയം നേടാനായിട്ടില്ല. നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ മൂന്നു ജയം സിറ്റി സ്വന്തമാക്കി, ഒരു മത്സരം സമനിലയിലായി.
റയൽ, ലിവർപൂൾ, ഇന്റർ
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം പോരാട്ടങ്ങൾക്കായി സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ഇംഗ്ലീഷ് ഗ്ലാമർ ടീം ലിവർപൂൾ, ഇറ്റാലിയൻ കരുത്തായ ഇന്റർമിലാൻ, എസി മിലാൻ തുടങ്ങിയ ടീമുകളും ഇന്നു പോരാട്ട രംഗത്തുണ്ട്.
ഗ്രൂപ്പ് ഡിയിൽ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ജയം വേണമെന്ന അവസ്ഥയിലാണ് ഇന്റർ. ആദ്യമത്സരത്തിൽ അവർ റയലിനോടു പരാജയപ്പെട്ടിരുന്നു.
യൂറോപ്യൻ ക്ലബ് ഫുട്ബോൾ: പാരീ സാൻ ഷെർമയ്നും മാഞ്ചസ്റ്റർ സിറ്റിയും ഇന്നു കൊന്പുകോർക്കും
11:47 PM Sep 27, 2021 | Deepika.com