അബുദാബി: ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. രവീന്ദ്ര ജഡേജ താൻ സർ ജഡേജയാണെന്ന് വീണ്ടും തെളിയിച്ച ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ ചെന്നൈ രണ്ട് വിക്കറ്റിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി. മത്സരത്തിന്റെ 19-ാം ഓവറിൽ ജഡേജ നടത്തിയ കടന്നാക്രമണമാണ് ചെന്നൈയുടെ ജയം സാധ്യമാക്കിയത്.
എട്ട് പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം ജഡേജ 22 റണ്‍സ് അടിച്ചെടുത്തതാണ് മത്സരം മാറ്റിമറിച്ചത്. ഓൾ റൗണ്ട് പ്രകടനത്തിലൂടെ ജഡേജ താരമായി.
172 റൺസ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓപ്പണർമാർ മികച്ച അടിത്തറയിട്ടു. ഋതുരാജ് ഗെയ്ക്വാദും (28 പന്തിൽ 40) ഫാഫ് ഡുപ്ലെസിസും (30 പന്തിൽ 43) ഓപ്പണിംഗ് വിക്കറ്റിൽ 8.2 ഓവറിൽ 74 റണ്‍സ് നേടിയശേഷമാണ് ക്രീസ് വിട്ടത്. ഗെയ്ക്വാദ് - ഡുപ്ലെസിസ് കൂട്ടുകെട്ട് ഈ സീസണിൽ 500ൽ അധികം റണ്‍സ് സ്കോർ ചെയ്തെന്നതും ശ്രദ്ധേയം.
കൂറ്റനടിക്കുശ്രമിച്ച അന്പാട്ടി റായുഡുവിനെ (10) സുനിൽ നരെയ്ൻ ബൗൾഡാക്കി. സുരേഷ് റെയ്ന (11), എം.എസ്. ധോണി (1) എന്നിവരും പുറത്തായതോടെ ചെന്നൈ പരുങ്ങലിൽ. എന്നാൽ, 19-ാം ഓവറിൽ മത്സരം മാറ്റിമറിച്ച് രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് അരങ്ങേറി.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറിൽ ജഡേജ നേടിയ രണ്ട് സിക്സും രണ്ട് ഫോറും അടക്കം ചെന്നൈ സ്വന്തമാക്കിയത് 22 റണ്‍സ്. അവസാന ഓവറിൽ സാം കറൻ (4), ജഡേജ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി സുനിൽ നരെയ്നിലൂടെ കെകെആർ സമ്മർദം ശക്തിപ്പെടുത്തിയെങ്കിലും അവസാന പന്തിൽ ചെന്നൈ ലക്ഷ്യം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 15 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് നിതീഷ് റാണ (27 പന്തിൽ 37 നോട്ടൗട്ട്), ആന്ദ്രെ റസൽ (15 പന്തിൽ 20), ദിനേഷ് കാർത്തിക് (11 പന്തിൽ 26) എന്നിവരുടെ ആക്രമണ ബാറ്റിംഗ് കെകെആറിനെ 171ൽ എത്തിച്ചു. അവസാന അഞ്ച് ഓവറിൽ 53 റണ്‍സ് കെകെആർ അടിച്ചുകൂട്ടി. സാം കറൻ എറിഞ്ഞ 19-ാം ഓവറിൽ 19 റണ്‍സ് കാർത്തികും റാണയും ചേർന്ന് നേടി.
കെകെആറിനെതിരേ സിഎസ്കെയ്ക്ക് രണ്ട് വിക്കറ്റ് ജയം
09:10 PM Sep 26, 2021 | Deepika.com