അബുദാബി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 14-ാം സീസണിൽ ഡൽഹിയുടെ ശ്രേയസ് കളങ്കമില്ലാതെ തുടരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 33 റണ്‍സ് ജയവുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. 10 മത്സരങ്ങളിൽനിന്ന് 16 പോയിന്റുള്ള ക്യാപിറ്റൽസ് നോക്കൗട്ട് റൗണ്ടിലേക്ക് ഒരു പടികൂടി അടുത്തു.
സഞ്ജു മാത്രം
ക്യാപ്റ്റൻ സഞ്ജു സാംസണ് (52 പന്തിൽ 70*) മാത്രമാണ് രാജസ്ഥാനുവേണ്ടി പൊരുതിയത്. സഞ്ജുവിനെ പിന്തുണയ്ക്കാൻ മറ്റാർക്കും സാധിച്ചില്ല. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലിയാം ലിവിംഗ്സ്റ്റണെ (1) മടക്കി ഡൽഹിക്കാർ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. രണ്ടാം ഓവറിൽ ആൻറിക് നോർക്കിയ യശസ്വി ജയ്സ്വാളിനെയും (5) മടക്കിയതോടെ രാജസ്ഥാൻ ഞെട്ടി. അഞ്ചാം ഓവറിൽ അപകടകാരിയായ ഡേവിഡ് മില്ലർ അശ്വിന്റെ പന്തിൽ വീണു.
10 പന്തിൽ ഏഴ് റണ്‍സ് മാത്രമായിരുന്നു മില്ലറിന്റെ സന്പാദ്യം. പിന്നാലെ മഹിപാൽ ലോമറോറും സഞ്ജു സാംസണും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. സ്കോർ 50 കടക്കുംമുന്‍പ് ലോമറോറിനെ (19) മടക്കി കഗിസൊ റബാദ രാജസ്ഥാന് വീണ്ടും പ്രഹരമേൽപ്പിച്ചു. 10.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ് എന്ന ദയനീയ അവസ്ഥയിലായി രാജസ്ഥാൻ.
റിയാൻ പരാഗും (2) മടങ്ങിയതോടെ രാജസ്ഥാൻ 100 പോലും കടക്കില്ലെന്നു കരുതി. എന്നാൽ, സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടം രാജസ്ഥാനെ 100 കടത്തി. നേരിട്ട 39 പന്തിൽ സഞ്ജു അർധസെഞ്ചുറിയിലെത്തി. രാജസ്ഥാന്റെ തോൽവിഭാരം കുറയ്ക്കാൻ മാത്രമേ സഞ്ജുവിനായുള്ളൂ.
നാലോവറിൽ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ആൻറിക് നോർക്കിയ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡൽഹിക്കായി തിളങ്ങി. അശ്വിൻ, റബാദ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
അയ്യർ-പന്ത്
4.1 ഓവറിൽ 21 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ട ഡൽഹിയെ പോരാടാനുള്ള സ്കോറിൽ എത്തിച്ചത് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യറും ഇപ്പോഴത്തെ ക്യാപ്റ്റൻ ഋഷഭ് പന്തും നടത്തിയ പോരാട്ടമാണ്. ഓപ്പണർമാരായ പൃഥ്വി ഷായും (10) ശിഖർ ധവാനും (8) വേഗം മടങ്ങി. തുടർന്ന് അയ്യറും (32 പന്തിൽ 43) പന്തും (24 പന്തിൽ 24) ചേർന്ന് മൂന്നാം വിക്കറ്റിൽ 62 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഈ കൂട്ടുകെട്ടാണ് ഡൽഹിയെ കരകയറ്റിയത്.
ഹെറ്റ്മയറിന്റെയും (16 പന്തിൽ 28) ലളിത് യാദവിന്റെയും (15 പന്തിൽ 14 നോട്ടൗട്ട്) അക്സർ പട്ടേലിന്റെയും (ഏഴ് പന്തിൽ 12) ആർ. അശ്വിന്റെയും (6 പന്തിൽ 6) പോരാട്ടവും ഡൽഹിക്ക് സഹായകമായി.
രാജസ്ഥാനെതിരേ ഡൽഹിക്ക് 33 റണ്‍സ് ജയം
12:33 AM Sep 26, 2021 | Deepika.com